ഗുവാഹത്തി- അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ 19 ലക്ഷത്തിലേറെ പേരില്‍ ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ കഴിയാത്തവരെ കാത്തിരിക്കുന്നത് ഡിറ്റന്‍ഷന്‍ ക്യാമ്പുകളെന്ന പേരിലുള്ള വലിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ഗോള്‍പാറയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡിറ്റന്‍ഷന്‍ ക്യാമ്പ് ഒരുങ്ങുന്നത്. പണി പുരോഗമിക്കുന്ന ഇതിന് ഏഴു ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുണ്ട്. ഗോള്‍പാറ ജില്ലയിലെ മാട്ടിയയില്‍ സ്ഥിതി ചെയ്യുന്ന ഈ തടവറയില്‍ 3000 പേരെ അടച്ചിടാന്‍ കഴിയും. 2.5 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഇവിടെ തടവുകാരെ പാര്‍പ്പിക്കാന്‍ 15 നാലു നില കെട്ടിടങ്ങളുണ്ടാകും. ഈ വര്‍ഷം ഡിസംബറോടെ പണി പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ പദ്ധതി. മഴ കാരണം കാലതാമസം നേരിട്ടിരുന്നു.
പൊതുവായ ഒരു അടുക്കള, ആശുപത്രി, ഓഡിറ്റോറിയം, 180 ശുചിമുറികളും കുളിമുറികളും ഇവിടെ ഉണ്ടാകും. ഡിറ്റന്‍ഷന്‍ ക്യാമ്പിനു പുറത്തായി തൊട്ടടുത്ത് ഒരു പ്രൈമറി സ്‌കൂളും ഉണ്ടാക്കും. ചുറ്റും ചുവന്ന ചായം പൂശിയ കൂറ്റന്‍ മതിലാണ്. നിരീക്ഷണത്തിന് വാച്ടവറുകളും ഉണ്ട്. ഇത് സാധാരണ ജയില്‍ പോലെ കര്‍ക്കശ സ്വഭാവമുള്ള തടവറകളാകില്ലെന്ന് അധികൃതര്‍ പറയുന്നു. ഹോസ്റ്റല്‍ പോലുള്ള മുറികളായിരിക്കുമെന്നും ഒരു മുറിയില്‍ നാലു പേരേ പാര്‍പ്പിക്കുന്ന രീതിയിലായിരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും പ്രത്യേക ശ്രദ്ധ ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
46 കോടി രൂപ ചെലവിട്ടാണ് ഇതു പണിയുന്നത്. അസം പോലീസ് ഹൗസിങ് കോര്‍പറേഷന്‍ ലിമിറ്റഡ് കഴിഞ്ഞ വര്‍ഷമാണ് നിര്‍മാണം തുടങ്ങിയത്. പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം കോടതിയില്‍ പൗരത്വം തെളിയിക്കാന്‍ കഴിയാത്തവരെ വിദേശികളെന്ന് പ്രഖ്യാപിക്കും. ഇവരെയാണ് ഹിറ്റ്‌ലറിന്റെ കാലത്തെ ജര്‍മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന ഈ ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ അടക്കുക.
പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവര്‍ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെ സമീപിച്ചും മേല്‍ക്കോടതികളെ സമീപിച്ചും പൗരത്വം തെളിയിക്കാം. അപ്പീല്‍ നല്‍കാനുള്ള സമയം രണ്ടു മാസത്തില്‍ നിന്നും നാലു മാസമാക്കി ഉയര്‍ത്തിയിട്ടുണ്ട്.