ന്യൂദല്‍ഹി- ഇന്ത്യയിലെ വാഹന വിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഒരു കാരണം ഇന്ത്യയിലെ പുതുതലമുറക്കാര്‍ ഊബര്‍, ഒല ടാക്‌സികളിലേക്കു യാത്ര മാറ്റിയതുകൊണ്ടാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
വാഹന മേഖലയില്‍ മാന്ദ്യത്തിന് ഒരു കാരണം യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്നതാകാം. വാഹനങ്ങളുടെ ഉല്‍പാദനം പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. വാഹന മേഖല നേരിടുന്ന പ്രതിസന്ധിയില്‍ അയവുണ്ടാകുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്. വാഹന മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗഡ്കരി പറഞ്ഞു.
പുതിയ തലമുറയില്‍പ്പെട്ടവര്‍ ഊബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികളെ വ്യാപകമായി ആശ്രയിക്കുന്നതാണ് വാഹന മേഖലയിലെ മാന്ദ്യത്തിനു കാരണമെന്നായിരുന്നു നിര്‍മല സീതാരാമന്റെ കണ്ടെത്തല്‍.
ഇതോടെ സമൂഹമാധ്യമങ്ങളിലും പുറത്തും ധനമന്ത്രിക്കെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. ബോയ്‌ക്കോട്ട് മില്ലേനിയല്‍സ് എന്ന ഹാഷ് ടാഗില്‍ നിര്‍മലക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധക്കുറിപ്പുകള്‍ പ്രചരിച്ചു. പരിഹാസം രൂക്ഷമായതിനു പിന്നാലെയാണു നിര്‍മലയെ പിന്തുണച്ചു മന്ത്രി ഗഡ്ഗരി രംഗത്തെത്തിയത്.