ന്യൂദൽഹി- രാജ്യത്ത് ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്‌പോർട്ട് കേന്ദ്രങ്ങൾ ആരംഭിക്കുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറാണ് ഇക്കാര്യം അറിയിച്ചത്. പാസ്‌പോർട്ട് ഓരോ പൗരന്റെയും അവകാശമാണെന്നും അതാരും നൽകുന്ന ഔദാര്യമല്ലെന്നും നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണെന്നും മന്ത്രി വ്യക്തമാക്കി. കൊൽക്കത്ത നദിയ ജില്ലയിലെ പാസ്‌പോർട്ട് കേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെമ്പാടും ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്‌പോർട്ട് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി സർക്കാർ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സാധാരണക്കാർക്ക് എളുപ്പത്തിൽ പാസ്‌പോർട്ട് ലഭ്യമാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും ലക്ഷ്യം. പാസ്‌പോർട്ട് കേന്ദ്രങ്ങൾക്കായി ജനങ്ങൾ കാത്തിരുന്ന ഭൂതകാലത്തിൽനിന്ന് പാസ്‌പോർട്ട് ഓഫീസുകൾ ജനങ്ങൾക്കായി കാത്തിരിക്കുന്ന കാലത്തിലേക്കു മാറുമെന്ന് മന്ത്രി പറഞ്ഞു.
മുൻകാലങ്ങളിൽ ചില ഉദ്യോഗസ്ഥർ പാസ്‌പോർട്ട് കേന്ദ്രങ്ങളെ വലിയ അധികാര കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ഇതിനു മാറ്റം വരും. കഴിഞ്ഞ കാലങ്ങളിൽ ആളുകൾക്ക് ചിന്തിക്കാനാകാതിരുന്ന സ്ഥലങ്ങളിൽ പാസ്‌പോർട്ട് ഓഫീസുകൾ ആരംഭിക്കും. ജനങ്ങൾ നീണ്ട വരികളിൽ പാസ്‌പോർട്ടിനായി കാത്തു നിന്നതും സങ്കീർണമായ നടപടിക്രമങ്ങളിൽ നട്ടം തിരിഞ്ഞിരുന്നതുമായ കാലത്തിനു മാറ്റം വരുമെന്ന് മന്ത്രി വ്യക്തമാക്കി.