Sorry, you need to enable JavaScript to visit this website.

ഉംറ സർവീസ്  രംഗത്തെ  നെല്ലും പതിരും

ഉംറ യാത്രയുടെ പേരിൽ ആത്മീയ ചൂഷണം നടത്തുന്നവർക്ക് തിരിച്ചടിയാണ് ഉംറ സർവീസ് രംഗത്ത് സൗദി സർക്കാർ നടപ്പാക്കുന്ന പുതിയ പരിഷ്‌കരണങ്ങൾ. തീർഥാടനത്തിന്റെ മറവിൽ നടന്നു വരുന്ന വഞ്ചനക്കും കബളിപ്പിക്കലിനുമെല്ലാം അറുതിയുണ്ടാക്കാൻ  ഈ വർഷം മുതൽ നടപ്പാക്കുന്ന പരിഷ്‌കരണം സഹായിക്കുമെന്നാണ് പ്രതീക്ഷ.


ഉംറ സർവീസ് രംഗത്തെ പരിഷ്‌കരണമാണ് ഇപ്പോൾ എവിടെയും സംസാരം. നെല്ലും പതിരും തിരിച്ച് ഗുണദോഷങ്ങൾ എന്തൊക്കെയെന്ന് വിലയിരുത്തുന്നതിൽ വ്യാപൃതരാണ് തീർഥാടകരും ഏജൻസികളും. കാലാനുസൃത പരിഷ്‌കരണത്തെ അനിവാര്യമായ സംഗതി എന്നു വേണം പറയാൻ. തീർഥാടനത്തിന്റെ മറവിൽ നടന്നുവരുന്ന വഞ്ചനക്കും കബളിപ്പിക്കലിനുമെല്ലാം ഒരു പരിധിവരെ അറുതിയുണ്ടാക്കാൻ  ഈ വർഷം മുതൽ നടപ്പാക്കുന്ന പരിഷ്‌കരണം സഹായിക്കും. ഉംറ, ആത്മീയ തീർഥാടനത്തേക്കാളുപരി ഭൗതികമായുള്ള കാട്ടിക്കൂട്ടലുകളിലേക്കും വൻ കച്ചവടത്തിലേക്കും നഗ്‌നമായ വഞ്ചന നടത്തിയുള്ള പണ സമ്പാദനത്തിലേക്കും മാറിയെന്നു പറഞ്ഞാൽ അധികമാവില്ല. ആത്മീയ ചൂഷണം എന്നും വിശേഷിപ്പിക്കാവുന്നിടത്തുവരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. 
ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങളുടെ സഹായികളായും വഴികാട്ടികളായും നിന്ന് ഏജൻസികൾ ഉപജീവന മാർഗം തേടുന്നതിൽ തെറ്റില്ല. എന്നാൽ അത്യാഗ്രഹം മൂത്ത് വഞ്ചകൻമാരായി ചില കൂട്ടരെങ്കിലും മാറിയപ്പോൾ പേരുദോഷം എല്ലാവർക്കുമായി. പ്രഭാഷണങ്ങൾ നടത്തി വിശ്വാസികളെ പിരികയറ്റി കടത്തിൽ മുങ്ങിക്കിടക്കുന്നവനെ പോലും വീണ്ടും കടക്കാരനാക്കി മാറ്റി തീർഥാടനത്തിനു ആട്ടിത്തെളിച്ചു കൊണ്ടുവരുന്ന, പണ്ഡിതന്മാരെന്ന പേരിൽ നടക്കുന്ന ഒരു സംഘവും ഇക്കൂട്ടത്തിൽ വളർന്നു പന്തലിച്ചിരുന്നു. ഇത്തരക്കാരുടെയെല്ലാം ലക്ഷ്യം പള്ളവീർപ്പിക്കലായിരുന്നു. ഇങ്ങനെ കൊണ്ടുവരുന്നവർക്ക് മോഹന വാഗ്ദാനങ്ങളാവും നൽകുക. ഹറമിനു തൊട്ടടുത്തു തന്നെ  സുഖകരമായ താമസം, ഇഷ്ട ഭക്ഷണം, നേരിട്ട് ജിദ്ദയിലേക്ക് യാത്ര, മക്ക-മദീന യാത്രക്ക് ആഡംബര ബസ്, സമീപ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര... വാഗ്ദാനങ്ങളുടെ പെരുമഴ തന്നെയായിരിക്കും. ഇവിടെ വരുമ്പോൾ ഈ പറഞ്ഞ സംഗതിയൊന്നും ഉണ്ടാവണമെന്നില്ല. താമസം ഹറമിൽനിന്ന് ഏറെ അകലെ പഴയ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലായിരിക്കും. ഹോട്ടലിന്റേതായ ഒരു ലക്ഷണവും ഉണ്ടാവില്ല. ലിഫ്റ്റ് നേരെ ചൊവ്വേ പ്രവർത്തക്കില്ല. താമസിക്കുന്നിടത്ത് എത്തിപ്പെടാൻ കുന്നും മലകളും കയറേണ്ടി വരും. നാട്ടിൽനിന്നുള്ള യാത്ര തന്നെ മണിക്കൂറുകൾ ചെലവഴിച്ച് മറ്റു രാജ്യങ്ങളിലെവിടെയെങ്കിലും കെട്ടിക്കിടന്നുള്ള ട്രാൻസിറ്റ് യാത്രയാവും. മദീനയിലേക്കള്ള യാത്രക്ക് ലക്ഷുറി ബസിനു പകരം എ.സിയില്ലാത്ത പഴഞ്ചൻ ബസാകും. നാട്ടിൽവെച്ച് പറഞ്ഞതിൽനിന്നു വ്യത്യസ്തമാണല്ലോ ഇതെല്ലാം എന്നു പറഞ്ഞാൽ സഹനതയുടെ 'വഅള്' പറഞ്ഞായിരിക്കും മറുപടി. തിരിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ് പോലും ബുക്ക് ചെയ്യാതെ തീർഥാടകരെ ഇവിടെ കൊണ്ടുവന്ന് വട്ടം കറക്കിയ നിരവധി സംഭവങ്ങളുണ്ട്. 


നാട്ടിൽനിന്ന് 45,000 മുതൽ 60,000 വരെ വാങ്ങിയ ഏജന്റുമാർ അൻപതോളം പേരായാൽ പിന്നെ മക്കയിലുള്ള ഏജന്റുമാരുമായി ലേലം വിളിയാണ്. ഇത്രയും പേരുണ്ട്, എന്തു വിലയ്ക്ക് ഉറപ്പിക്കാം എന്നാവും നാട്ടിൽ നിന്നുള്ള ചോദ്യം. ഭക്ഷണവും താമസവും അടക്കം ഒരു വില ഇവിടെയുള്ള ഏജന്റുമാർ പറയും. പലരോടും ചോദിച്ച് അതിൽ ഏറ്റവും കുറവ് പറയുന്ന ആൾക്ക് കച്ചവടം ഉറപ്പിച്ച് അവിടെനിന്നു ഒരു മൗലവിയേയും കൂട്ടി ഇങ്ങോട്ടു പറഞ്ഞു വിടും. ഇവിടെ എത്തുമ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട കാര്യം പലപ്പോഴും തീർഥാടകർ അറിയുന്നത്. കൂട്ടത്തിലുള്ള ഗൈഡ് എന്നു പറയുന്ന മൗലവിക്ക് കൈമടക്ക് കൊടുത്ത് എന്താണ് നടക്കാൻ പോകുന്നതെന്ന കാര്യം നേരത്തെ തന്നെ ഏജന്റ് പറഞ്ഞിട്ടുണ്ടാവും. അതിനാൽ പ്രയാസങ്ങൾ നേരിടുമ്പോൾ ഇവിടെ എത്തിയാലുടൻ മൗലവി ആത്മീയതയുടെ പരിവേഷമണിഞ്ഞ് സഹനത്തിന്റെ കഥകൾ പറഞ്ഞ് പ്രഭാഷണം ഒന്നുകൂടി കടുപ്പിക്കും. അതോടെ അരിശം മൂത്ത് ബഹളമുണ്ടാക്കിയവരെല്ലാം തണുക്കും. ഇത്തരം തട്ടിപ്പുകാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പരിഷ്‌കരണം വന്നിട്ടുള്ളത്. എല്ലാ ഏജൻസികളും ഇത്തരത്തിലുള്ള തട്ടിപ്പുകാരാണെന്ന് ഈ പറഞ്ഞതിന് അർഥമില്ല. നല്ല നിലയിൽ സർവീസ് നൽകുന്ന ഏജൻസികളുമുണ്ട്. എന്തു തന്നെയായാലും തട്ടിപ്പിന്റെ ഒരു കേന്ദ്രമായി ഹജ്-ഉംറ സർവീസ് മാറിയിരുന്നു. അതിന് വിരാമമിടാൻ പുതിയ പരിഷ്‌കരണം തീർച്ചയായും സഹായിക്കും. 
തീർഥാടകർക്ക് ചെലവ് കൂടുമെങ്കിലും കുറ്റമറ്റ സർവീസ് ഉറപ്പാക്കാൻ ഈ രംഗത്തെ മാറ്റം സഹായിക്കും. ഇതിലും പഴുത് കണ്ടെത്തി പൈസ പിടുങ്ങുന്നവർ കയറിക്കൂടായ്കയില്ല. പക്ഷേ, ഇതുവരെ നടത്തിയിരുന്ന പോലുള്ള ഉടായിപ്പുകൾ ഇനി എന്തായാലും നടക്കാൻ പോകുന്നില്ല. ഉംറ സർവീസ് സമ്പൂർണ ഓൺലൈൻ ആകുന്നതോടെ താമസം, യാത്ര എന്നിവ എങ്ങനെയായിരിക്കുമെന്ന് തീർഥാടകന് മുൻകൂട്ടി ഉറപ്പാക്കാനാവും. പണം കൂടുതൽ കൊടുക്കുന്നതിനനുസരിച്ച് താമസവും മറ്റു സൗകര്യങ്ങളും കൂടും. ഏതു വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശമാണ് തീർഥാടകർക്കു കൈവന്നിരിക്കുന്നത്. നിലവിലെ നിരക്കിൽ ഏറ്റവും കുറഞ്ഞത് തെരഞ്ഞെടുത്താൽ പോലും മിനിമം ക്വാളിറ്റി എല്ലാ സേവനങ്ങളിലുമുണ്ടാവും. നിലവിൽ ഏറ്റവും കുറഞ്ഞ താമസ സൗകര്യം ത്രീ സ്റ്റാർ ഹോട്ടലുകളിലാണ്. മക്കയിലും മദീനയിലും ഏതു ഹോട്ടലിലാണ് താമസിക്കാൻ പോകുന്നതെന്നും ഹറമിൽനിന്ന് ഈ ഹോട്ടലിലേക്ക് എത്ര ദൂരമുണ്ടെന്നും അവിടെ എത്തിയാൽ യാത്രക്കുള്ള സൗകര്യം ഏതു വിധമായിരിക്കുമെന്നെല്ലാം മുൻകൂട്ടി തീർഥാടകന് അറിയാനാവും. ഇതുവരെ ഏജന്റ് പറയുന്നതൊഴിച്ചാൽ അറിയാൻ മറ്റു മാർഗമുണ്ടായിരുന്നില്ല. അങ്ങനെ നോക്കുമ്പോൾ ഈ പരിഷ്‌കരണം എന്തുകൊണ്ടും തീർഥാടകന് ഗുണകരമാണ്. 
സൗകര്യങ്ങൾ കൂടുമ്പോൾ ചെലവ് കൂടുക സ്വാഭാവികം. ഉംറ വിസ സ്റ്റാമ്പിംഗ് നിരക്കു തന്നെ 50 റിയാൽനിന്ന് 300 റിയാലായാണ് വർധിപ്പിച്ചത്. നേരത്തെ കേരളത്തിൽനിന്ന് 35,000 മുതൽ 60,000 വരെ ഉണ്ടായിരുന്ന ഉംറ നിരക്ക് ഇനി 70,000 മുതൽ ഒരു ലക്ഷം വരെയായി ഉയരാം. എന്തു തന്നെയായാലും കബളിപ്പിക്കൽ കുറയുമെന്ന് ഉറപ്പ്. 
ഏജന്റിന് കുറഞ്ഞ തുക നൽകി ഉംറ വിസയിൽ വന്ന് ഒരു മാസക്കാലം ബന്ധുക്കളോടൊപ്പം നിൽക്കുന്ന ഏർപ്പാടിന് പരിഷ്‌കരണം തിരിച്ചടിയാണ്. സാധാരണ ഉംറക്കാരുടെ പൈസ തന്നെ ഈ ഗണത്തിൽ പെടുന്നവരും നൽകേണ്ടി വരും. നേരത്തെ താമസം ഭക്ഷണം തുടങ്ങിയ ഇനത്തിലുള്ള പൈസ ഇക്കൂട്ടർക്കു ലാഭിക്കാമായിരുന്നു. ഇനി അതു നടക്കില്ല. അതുപോലെ മക്കയിൽ കെട്ടിടം വാടകക്കെടുത്തിട്ട് തീർഥാടകർക്ക് കുറഞ്ഞ നിരക്കിൽ വാടകക്കു നൽകിയും ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തും ഉപജീവനം നടത്തിയിരുന്നവർക്കും ഈ രംഗത്തോട് വിട പറയേണ്ടി വരും. 
ഉംറ സർവീസ് കമ്പനികൾക്കു മാത്രമുള്ള സൗദിയുടെ പ്രത്യേക ബാങ്കിംഗ് സംവിധാനത്തിലൂടെയാണ് ഇനി മുതൽ തീർഥാടകരുടെ താമസം, യാത്രാ സൗകര്യങ്ങളുമെല്ലാം ഒരുക്കേണ്ടത്. ഹോട്ടൽ സംവിധാനത്തോടെ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ മാത്രമായിരിക്കും ഇനി താമസം. അവിടെ ഭക്ഷണത്തിനും സൗകര്യമുണ്ടാകുമെന്നതിനാൽ ഈ രംഗത്ത് നിന്നും അനധികൃതർ നിഷ്‌കാസിതരാവും. ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ശേഷിയുള്ളവരാണെങ്കിൽ ഇടനിലക്കാരുടെ ഒരു സഹായവുമില്ലാതെ ലോകത്തിന്റെ ഏതു മൂലയിൽനിന്നും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഇഷ്ടപ്പെട്ട രീതിയിൽ താമസവും യാത്രയുമെല്ലാം മുൻകൂട്ടി തെരഞ്ഞെടുത്ത് തീർഥാടനം നടത്താനുള്ള  അവകാശമാണ് പുതിയ പരിഷ്‌കരണത്തോടെ തീർഥാടകർക്ക് കൈവന്നിട്ടുള്ളത്. 
 

Latest News