ന്യൂദല്‍ഹി- അയോധ്യയിലെ ബാബരി മസ്ജിദ്-രാമ ജന്മഭൂമി ഭൂമിത്തര്‍ക്ക കേസില്‍ മുസ്ലിം കക്ഷികള്‍ക്കു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും അദ്ദേഹത്തിനു ക്ലര്‍ക്കിനും നേരെ ഭീഷണി. ഈ കേസില്‍ ഹാജരാകുന്നതിന്റെ പേരില്‍ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണെന്നും സുപ്രീം കോടതി വളപ്പിനുള്ളില്‍ തന്റെ ക്ലര്‍ക്കിനേയും ഭീഷണിപ്പെടുത്തിയെന്നും ധവാന്‍ കോടതിയെ അറിയിച്ചു. രാജീവ് ധവാന്റെ സബ്മിഷന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണനയിലെടുത്തു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതും ഒഴിവാക്കേണ്ടതുമാണെന്ന് ബെഞ്ച് പറഞ്ഞു.
കേസില്‍ വാദം കേള്‍ക്കുന്ന 22ാം ദിവസമായ വ്യാഴാഴ്ച ബെഞ്ച് ചേര്‍ന്നയുടന്‍ ആയിരുന്നു രാജീവ് ധവാന്റെ സബ്മിഷന്‍. സുന്നി വഖഫ് ബോര്‍ഡിനും മറ്റു മുസ്ലിം കക്ഷികള്‍ക്കും വേണ്ടിയാണ് കേസില്‍ രാജാവ് ധവാന്‍ ഹാജരാകുന്നത്. ഫേസ്ബുക്കിലൂടെ തനിക്ക് ഭീഷണി സന്ദേശം ലഭിച്ചെന്നും കഴിഞ്ഞ ദിവസം തന്റെ ക്ലര്‍ക്കിനെ ഏതാനും പേര്‍ ചേര്‍ന്ന് സുപ്രീം കോടതി വളപ്പില്‍ ഭീഷണിപ്പെടുത്തിയെന്നും ധവാന്‍ കോടതിയെ ധരിപ്പിച്ചു. ഇത് വാദം കേള്‍ക്കലിന് അനുകൂലമായ ഒരു സാഹചര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് ഇതെന്നും തടയാന്‍ കോടതിയുടെ ഒരു വാക്കു മതിയെന്നും അദ്ദേഹം പറഞ്ഞു.