Sorry, you need to enable JavaScript to visit this website.

പീഡനക്കേസില്‍ കുരുക്കിലായ ചിന്മയാനന്ദിനെ വൈകാതെ ചോദ്യം ചെയ്യും

ന്യൂദല്‍ഹി- ഒരു വര്‍ഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന് തെളിവു സഹിതം പരാതി ലഭിച്ചിട്ടും അറസ്റ്റിലാകാതെ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ചിന്മയാനന്ദിനെ ചോദ്യം ചെയ്യുമെന്ന് പോലീസ്. വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പേരുവെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ചിന്മയാന്ദിനെതിരെ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണം ശരിയല്ല, മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചിന്മയാനന്ദ് എത്തിയില്ല. വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ സെപ്തംബര്‍ 23ന് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നേരത്തെ അലഹാബാദ് ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ 11 മണിക്കൂറോളം ചോദ്യം ചെയ്‌തെന്ന മാധ്യമ റിപോര്‍ട്ടുകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനോട് നാലു മണിക്കൂറോളം സംസാരിച്ചു, ശേഷം പെണ്‍കുട്ടിയോടും നാലു മണിക്കൂറോളം സംസാരിച്ചു. പെണ്‍കുട്ടിയെ ഒരു ഇര ആയാണ് കാണുന്നത്. അവരെ ചോദ്യം ചെയ്യില്ല. എന്നാല്‍ മൊഴിയില്‍ പഴുതുകളുണ്ടോ എന്നറിയാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും പോലീസ് ഓഫീസര്‍ പറഞ്ഞു.

Related News
ചിന്മയാനന്ദിനെതിരെ തെളിവുകള്‍; പെണ്‍കുട്ടിയുടെ സുഹൃത്ത് പെന്‍ ഡ്രൈവ് കൈമാറി

ദല്‍ഹി പോലീസിനും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിയില്‍ 23കാരിയായ പരാതിക്കാരി ബിജെപി നേതാവില്‍ നിന്നും നേരിട്ട നിരന്തര ലൈംഗിക പീഡനം വിവരിച്ചിട്ടുണ്ടെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. നിരവധി ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ചിന്മയാനന്ദ് തന്റെ നേതൃത്വത്തിലുള്ള ലോ കോളെഡില്‍ പ്രവേശനം നല്‍കിയും ചെറിയ ജോലി തരപ്പെടുത്തു നല്‍കിയുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു വന്നത്. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെയും പെണ്‍കുട്ടി ഈ സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. തെളിവായി പെണ്‍കുട്ടി നല്‍കിയ വിഡിയോകളും പരിശോധിച്ചിട്ടുണ്ട്. വിഡിയോ തെളിവുകള്‍ പെന്‍ഡ്രൈവിലാണ് കൈമാറിയത്. ചില വിഡിയോകള്‍ വാട്‌സാപ്പില്‍ വൈറലായിട്ടുണ്ട്.
 

Latest News