ന്യൂദൽഹി- കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ മകളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മകൾ ഐശ്വര്യയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഐശ്വര്യയ്ക്ക് നോട്ടീസ് ലഭിച്ചത്. ഇതനുസരിച്ച് ഐശ്വര്യ ഇന്ന് രാവിലെ ദൽഹിയിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ എത്തിയിരുന്നു.
ശിവകുമാറിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനയിൽ ഐശ്വര്യ കൈകാര്യം ചെയ്ത ട്രസ്റ്റുമായി ബന്ധപ്പെട്ട ചില രേഖകൾ ഏജൻസി കണ്ടെടുത്തതിനെ തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ട്രസ്റ്റിന്റെ വിശദാംശങ്ങൾ, അത് പ്രവർത്തിക്കുന്ന രീതി, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച് വിവരങ്ങൾ തേടുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം മൂന്നിനാണ് ചോദ്യം ചെയ്യലിനിടെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. പത്തു ദിവസത്തെ കസ്റ്റഡിയിലാണിപ്പോൾ അദ്ദേഹം.