ന്യൂദൽഹി- പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടെ ചൈനീസ് അതിർത്തിയിലും സംഘർഷം. കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം എത്തി. 134 കിലോമീറ്റർ നീളമുള്ള പാങ്കോങ് തടാകത്തിന്റെ കരയിലാണ് ഇരുരാജ്യങ്ങളിലെയും സൈനികർ നേർക്കുനേർ എത്തിയത്. ഇരുരാജ്യങ്ങളിലെയും നയതന്ത്രപ്രതിനിധികൾ ചർച്ച നടത്തിയ ശേഷം പ്രശ്‌നം പരിഹരിച്ചെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ടിബറ്റ് മുതൽ ലഡാക്ക് വരെയുള്ള തടാകത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ചൈനയുടെ നിയന്ത്രണത്തിലുള്ളതാണ്. ഇന്ത്യൻ സൈന്യം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഇതോടെ ഇവിടേക്ക് ഇരുരാജ്യങ്ങളും കൂടുതൽ സൈനികരെ എത്തിച്ചു. അടുത്തമാസം അരുണാചൽ പ്രദേശിൽ ഇന്ത്യയുടെ പ്രത്യേക സൈനികാഭ്യാസം നടക്കാനിരിക്കെയാണ് പുതിയ സംഭവമുണ്ടായത്.