റിയാദ്- വിസാ പുനഃസംഘടനയുടെ ഭാഗമായി നടപ്പാക്കുന്ന ഏകീകൃത ഫീസ് എല്ലായിനം വിസകള്‍ക്കും ബാധകമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഏകീകൃത ഫീസ് ആയ 300 റിയാല്‍ ബാധകമായിരിക്കും. ഒരേ ഫീസ് ബാധകമായ വിസകളുടെ ഇനത്തിനനുസരിച്ച് സൗദിയില്‍ ചെലവഴിക്കാവുന്ന താമസ കാലാവധികള്‍ വ്യത്യസ്തമായിരിക്കും.
സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി ഒരു മാസവും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ സൗദിയില്‍ തങ്ങാവുന്ന കാലാവധി മൂന്നു മാസവും ട്രാന്‍സിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറും ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഹജ്, ഉംറ, സിയാറത്ത് വിസ പുനഃസംഘടനക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി ഉംറ ആവര്‍ത്തിക്കുന്നവര്‍ക്ക് ബാധമാക്കിയ ഫീസ് സൗദി അറേബ്യ എടുത്തു കളഞ്ഞിട്ടുണ്ട്. ഉംറ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് രണ്ടായിരം റിയാലാണ് ഫീസ് ആയി ഈടാക്കിയിരുന്നത്.