ന്യൂദല്‍ഹി- ബ്രാഹ്മണര്‍ ജന്മം കൊണ്ടു തന്നെ ആദരിക്കപ്പെടുന്നവരാണെന്ന ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിനു പിന്നാലെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 'ബ്രാഹ്മണര്‍ ജന്മം കൊണ്ട് വലിയ ആദരവ് നേടുന്നവരാണെന്ന് സ്പീക്കര്‍ ഓം ബിര്‍ല പറയുന്നു. ഈ ചിന്താഗതിയാണ് ജാതീയമായ അസമത്വ ഇന്ത്യയ്ക്ക് വളംവെക്കുന്നത്. ബിര്‍ളാജി, താങ്കളെ ആദരിക്കുന്നത് ബ്രാഹ്മണന്‍ ആയത് കൊണ്ടല്ല. താങ്കള്‍ ലോക് സഭാ സ്പീക്കറാണ് എന്നതു കൊണ്ടാണ്'- സിബല്‍ ട്വിറ്ററില്‍ മറുപടി നല്‍കി.
രാജസ്ഥാനിലെ കോട്ടയില്‍ ഞായറാഴ്ച നടന്ന അഖില ബ്രാഹ്മണ്‍ മഹാസഭാ സമ്മേളനത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതിനൊപ്പമാണ് വിവാദ പരാമര്‍ശം സ്പീക്കര്‍ നടത്തിയത്. ഓം ബിര്‍ളയുടെ ട്വീറ്റിനെതിരെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തി. രാജസ്ഥാനില്‍ നിന്നുള്ള ബിര്‍ല ബിജെപി എംപിയാണ്.