പനാജി- ഗോവയില്‍ 12 ക്രൈസ്തവ ദേവാലയങ്ങള്‍ അശുദ്ധമാക്കിയ കേസില്‍ 50 കാരനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ഗോവ ജില്ലയിലെ ചര്‍ച്ചുകളിലായിരുന്നു ഇയാളുടെ അക്രമം. കര്‍ട്ടോറിം ഗ്രാമത്തില്‍ വെച്ചാണ് ഫ്രാന്‍സിസ് പെരേര എന്നയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഒരു ക്ഷേത്രത്തിലെ വിഗ്രഹം അശുദ്ധമാക്കാന്‍ പദ്ധതിയിട്ട പ്രതി പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.പിന്തുടര്‍ന്നാണ് പിടികൂടിയത്.
ജൂലൈ ഒന്നിനുശേഷം 12 ചര്‍ച്ചകളും ഒരു ക്ഷേത്രവും അശുദ്ധമാക്കിയതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അറസ്റ്റ്. സി.ബി.ഐക്ക് വിടില്ലെന്നും സംസ്ഥാന പോലീസില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.