മഥുര- പശു സംരക്ഷണത്തേയും ഗോരക്ഷാ പദ്ധതികളേയും എതിര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ക്കാരിന്റെ പശു സംരക്ഷമ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ രാജ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മോഡി പറഞ്ഞു. 'ഓം, പശു എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ചിലര്‍ രാജ്യം 16ാം നൂറ്റാണ്ടിലേക്ക് തിരിച്ചുപോകുകയാണെന്ന് അലമുറയിടുകയാണ്. ഇത്തരം ആളുകള്‍ രാജ്യത്തെ നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്'- മോഡി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ നാഷണല്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പദ്ധതി ഉല്‍ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലികള്‍ക്കുണ്ടാകുന്ന പകര്‍ച്ചാ വ്യാധികളും മറ്റു രോഗങ്ങളും തടയുന്നതിനും 500 ദശലക്ഷം വളര്‍ത്തു മൃഗങ്ങള്‍ക്ക് രോഗപ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതിയാണിത്.