Sorry, you need to enable JavaScript to visit this website.

ഉന്നാവോ പീഡനക്കേസ്: ഇരയുടെ മൊഴിയെടുക്കാന്‍ ജഡ്ജി ആശുപത്രി മുറിയില്‍; പ്രതി ബിജെപി എംഎല്‍എയും ഹാജര്‍

ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശ് ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ മുഖ്യ പ്രതിയായ ഉന്നാവോ പീഡന കേസില്‍ ഇരയുടെ മൊഴി രേഖപ്പെടുത്താന്‍ ജഡ്ജി ആശുപത്രി മുറിയില്‍ നേരിട്ടെത്തി. പ്രതി സെന്‍ഗാറിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഇര ചികിത്സയില്‍ കഴിയുന്ന ദല്‍ഹി എയിംസ് ആശുപത്രി മുറിയാണ് കോടതി മുറിയായി മാറിയത്. പ്രതി സെന്‍ഗാറിനേയും ഹാജരാക്കി. കോടതി നിര്‍ദേശ പ്രകാരം ഈ താല്‍ക്കാലിക കോടതിയില്‍ സ്വകാര്യമായാണ് നടപടി ക്രമങ്ങളിലൂടെയാണ് വാദം കേള്‍ക്കല്‍ നടക്കുന്നത്. പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ പ്രവേശനം അനുവദിച്ചിട്ടില്ല. ഓഡിയോ, വിഡിയോ റെക്കോര്‍ഡിങും അനുവദിക്കരുതെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയും പ്രതി സെന്‍ഗാറും മുഖാമുഖം കാണാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ജില്ലാ ജഡ്ജി ധര്‍മേശ് ശര്‍മ സെപ്തംബര്‍ ഏഴിനാണ് ആശുപത്രിയില്‍ താല്‍ക്കാലിക കോടതി മുറിയില്‍ ഇരയുടെ മൊഴിയെടുക്കാന്‍ ഉത്തരവിട്ടത്. പീഡനക്കേസ് പുറത്തു കൊണ്ടു വന്ന് നീതിക്കായി നിയമ പോരാട്ടം നടത്തുന്നതിനിടെ ജൂലൈ 28-ന് പെണ്‍കുട്ടിയേയും കുടുംബത്തേയും ഒരു വാഹനപകടത്തില്‍ വധിക്കാനും ശ്രമമുണ്ടായി. ബന്ധുക്കള്‍ മരിച്ച അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട പെണ്‍കുട്ടി ഇപ്പോള്‍ എയിംസിലെ ജയ് പ്രകാശ് നാരായണ്‍ അപെക്‌സ് ട്രോമാ സെന്ററിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇവിടുത്തെ സെമിനാര്‍ ഹാളിലാണ് താല്‍ക്കാലിക കോടതി സ്ഥാപിച്ചത്. ഇതിനു നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. കോടതി നടപടിക്രമങ്ങള്‍ നടക്കുമ്പോള്‍ വിദഗ്ധയായ ഒരു നഴ്‌സിങ് ഓഫീസര്‍ പെണ്‍കുട്ടിയുടെ സമീപത്തുണ്ടായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 

കേസ് ഇങ്ങനെ
കൂട്ടുപ്രതി ശശി സിങിന്റെ സഹായത്തോടെ ബിജെപി എംഎല്‍എയായ സെന്‍ഗാര്‍ 2017ല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കേസ്. നീതി ലഭിക്കാതെ വന്നതോടെ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ വര്‍ഷം യുപി മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ പ്രതിഷേധിക്കുകയും തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തതോടെയാണ് കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചതോടെ ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായി. കേസ് വീണ്ടും സജീവമായതോടെ സെന്‍ഗാര്‍ നാടകീയമായി അറസ്റ്റിലായി. ഇതിനിടെയാണ് കഴിഞ്ഞ ജൂലൈയില്‍ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിപ്പിച്ച് ഇവരെ കൊല്ലാനുള്ള ശ്രമമുണ്ടായത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊല്ലപ്പെട്ടു. പരിക്കുകളോടെ രക്ഷപ്പെട്ട പെണ്‍കുട്ടിയെ ലഖ്‌നൗവില്‍ നിന്നും വ്യോമമാര്‍ഗമാണ് ദല്‍ഹിയിലെത്തിച്ച് എയിംസില്‍ പ്രവേശിപ്പിച്ചത്.
 

Latest News