ന്യൂദല്‍ഹി- ബ്രാഹ്മണര്‍ ജന്മംകൊണ്ടുതന്നെ ഉയര്‍ന്നവരാണെന്ന ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പരാമര്‍ശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശം. രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില ബ്രാഹ്മണ മഹാസഭാ ചടങ്ങിലാണ് ബിര്‍ള ബ്രാഹ്മണരെ പ്രകീര്‍ത്തിച്ചത്.
മറ്റു സമുദായങ്ങള്‍ക്കു വഴി കാട്ടുന്നതില്‍ ബ്രാഹ്മണ സമുദായം എപ്പോഴും മികവു പ്രകടിപ്പിക്കുന്നു. ഈ രാജ്യത്തെ നയിക്കുന്നതില്‍ പ്രധാന പങ്കും അവര്‍ വഹിച്ചു. സമൂഹത്തില്‍ വിദ്യാഭ്യാസവും മൂല്യങ്ങളും വര്‍ധിക്കുന്നതിന് എപ്പോഴും ബ്രഹ്മണര്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇന്നും ഏതെങ്കിലുമൊരു ഗ്രാമത്തില്‍ ബ്രാഹ്മണര്‍ വസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഉന്നത സ്ഥാനം ലഭിക്കുന്നു. അവരുടെ അര്‍പ്പണ ബോധവും സേവന മനോഭാവവുമാണ് ഇതിനു കാരണം. ബാഹ്മണര്‍ ജന്മനാല്‍ ഉയര്‍ന്ന മൂല്യമുള്ളവരാണെന്നും ലോക്‌സഭാ സ്പീക്കര്‍ പറഞ്ഞു.
ബ്രാഹ് മണരെ വാഴത്തി ഓം ബിര്‍ള ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരുന്നു.
സ്പീക്കര്‍ പദവിയിലിരിക്കെ ബിര്‍ള നടത്തിയ ജാതി പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.