ദുബായ്- ജൂലൈ 27ന് ആരംഭിച്ച ദുബായ്-ഷാര്‍ജ ഫെറിയില്‍ ഇതുവരെ യാത്ര ചെയ്തത് 47,843 പേര്‍. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചതാണിത്. ദുബായ് അല്‍ ഗുബൈബ മറൈന്‍ സ്റ്റേഷന്‍ മുതല്‍ ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷന്‍ വരെയാണ് ഫെറി സര്‍വീസ്. ദുബായില്‍നിന്ന് മറ്റൊരു എമിറേറ്റിലേക്കുള്ള ആദ്യ ഫെറി സര്‍വീസാണിത്. സുരക്ഷിത യാത്ര ജനങ്ങള്‍ ആസ്വദിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആര്‍.ടി.എ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയിലെ മറൈന്‍ ട്രാന്‍സ്‌പോര്‍ട് ഡയറക്ടര്‍ മുഹമ്മദ് അബുബക്കര്‍ അല്‍ ഹാഷിമി പറഞ്ഞു.
ഓരോ അര മണിക്കൂറും ഇടവിട്ട് പ്രതിദിനം 42 സര്‍വീസുകളാണുള്ളത് (ഓരോ ഭാഗത്തേയ്ക്കും 21 വീതം സര്‍വീസുകള്‍). 35 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രക്ക് 15 (സില്‍വര്‍ ക്ലാസ്), 25(ഗോള്‍ഡ് ക്ലാസ്) ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ഷാര്‍ജയില്‍ താമസിച്ച് ദുബായില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് ട്രാഫിക് തടസ്സങ്ങളില്‍പ്പെടാതെ യാത്ര ചെയ്യാന്‍ ഫെറി സര്‍വീസ് ഏറെ ഗുണകരമാകുന്നു.