ദുബായ്- അമേരിക്ക പിന്തുടരുന്ന ഇറാനിയന്‍ ഓയില്‍ ടാങ്കര്‍ സിറിയയുടെ തീരത്ത് നിര്‍ത്തിയിട്ടതായി പുതിയ ഉപഗ്രഹ ഫോട്ടോകള്‍. തുറമുഖ നഗരമായ ടാര്‍ടസിന് സമീപമാണ് എണ്ണക്കപ്പലായ അഡ്രിയാന്‍ ദര്യ- 1 നങ്കൂരമിട്ടിരിക്കുന്നതെന്ന് പ്ലാനറ്റ് ലാബില്‍നിന്ന് അസോസിയേറ്റഡ് പ്രസിന് ലഭിച്ച ചിത്രങ്ങള്‍ കാണിക്കുന്നു.
ഞായറാഴ്ച എടുത്ത ചിത്രങ്ങളില്‍ കപ്പിലിനു സമീപം ചെറിയ ഒരു കപ്പല്‍ കൂടി കാണുന്നുണ്ട്.
130 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 2.1 ദശലക്ഷം ബാരല്‍ ഇറാനിയന്‍ അസംസ്‌കൃത എണ്ണ വഹിച്ച കപ്പലാണ് നേരത്തെ ഗ്രേസ് 1 എന്നറിയപ്പെട്ടിരുന്ന അഡ്രിയാന്‍ ദര്യ- 1.
സിറിയക്കെതിരായ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ടാങ്കര്‍ ലംഘിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് ജിബ്രാള്‍ട്ടര്‍ നേരത്തെ ടാങ്കര്‍ പിടിച്ചുവെച്ചിരുന്നു. സിറിയയിലേക്ക് എണ്ണ കൊണ്ടുപോകില്ലെന്ന് ഇറാന്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രദേശമായ ജിബ്രാള്‍ട്ടര്‍ ആഴ്ചകള്‍ക്കുശേഷം കപ്പല്‍ വിട്ടയച്ചത്. കപ്പലിലുണ്ടായിരുന്ന ചരക്ക് ഇറക്കിയെന്നു മാത്രമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.