ഗാന്ധിനഗര്‍- പ്രതിശ്രുത വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയും മറ്റൊരു യുവാവിനെ വിവാഹം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 21കാരനെ കിടക്കകളും കിടക്കവിരിയും രക്ഷിച്ചു. ഗുജറാത്തിലെ പലന്‍പൂരിലാണ് സംഭവം. ഒരു പെണ്‍കുട്ടിയുമായി ഉറപ്പിച്ച വിവാഹം മുടങ്ങിയതില്‍ നിരാശനായ രാഹുല്‍ വാല്‍മികി എന്ന യുവാവാണ് ജീവനൊടുക്കാന്‍ ഒരുങ്ങിയത്. ഈ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്തതോടെ കടുത്ത നിരാശയിലായ രാഹുല്‍ പലന്‍പൂരിലെ ഒരു മൂന്നു നില ആശുപത്രി കെട്ടിടത്തിനു മുകളില്‍ കയറി താഴേക്ക് ചാടാനൊരുങ്ങി. കുടുംബാംഗങ്ങളും നാട്ടുകാരും കേണപേക്ഷിച്ചെങ്കിലും യുവാവ് ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്മാറിയില്ല. ടെറസിന്റെ വക്കില്‍ ചാടാനൊരുങ്ങി നിന്ന യുവാവ് രണ്ടു മണിക്കൂറോളം എല്ലാവരേയും മുള്‍മുനയില്‍ നിര്‍ത്തി. പോലീസെത്തി ശ്രമിച്ചിട്ടും നടന്നില്ല. യുവാവിനെ പിന്തിരിപ്പിക്കാന്‍ മറ്റൊരു വഴിയുമില്ലാതായതോടെ എല്ലാവരും ചേര്‍ന്ന് ആശുപത്രിയിലെ കട്ടിയുള്ള കിടക്കകള്‍ താഴെ റോഡില്‍ വിരിച്ചു. അതിനു പുറമെ ഒരു വലിയ കിടക്കവിരിയും പോലീസും നാട്ടുകാരും ചേര്‍ന്ന് നിവര്‍ത്തിപ്പിടിച്ച് നിന്നു. കെട്ടിടത്തിനു മുകളില്‍ യുവാവിന് അടുത്തെത്തിയവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവെ താഴേക്കു ചാടുകയായിരുന്നു. നേരെ വന്നു പതിച്ചത് കിടക്കവിരിയിലും. ആശുപത്രിയിലേക്കു മാറ്റിയെങ്കിലും യുവാവിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.