Sorry, you need to enable JavaScript to visit this website.

രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തിനിടെ നഷ്ടമായത് 12.5 ലക്ഷം കോടി നിക്ഷേപം

മുംബൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ് 100 ദിവസം പിന്നിട്ടപ്പോഴേക്കും 12.5 ലക്ഷം കോടി രൂപ വിപണിയില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചു. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്യുമ്പോള്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണി മൂല്യം 1,41,15,316.39 കോടി രൂപയിലെത്തി നിന്നു. മോഡി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു ഒരു ദിവസം മുമ്പ് ഇത് 1,53,62,936.40 കോടിയായിരുന്നു. ഇക്കാലയളവില്‍ സെന്‍സെക്‌സ് 5.96 ശതമാനം/ 2,357 പോയിന്റുകള്‍ ഇടിഞ്ഞു. എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 7.23 ശതമാനം/ 858 പോയിന്റുകളും ഇടിഞ്ഞു.

സാമ്പത്തിക വളര്‍ച്ച മാന്ദ്യത്തിലായതും വിദേശ ഫണ്ടുകള്‍ രാജ്യത്തിനു പുറത്തേക്കൊഴുകിയതും, കോര്‍പറേറ്റുകളുടെ വരുമാനം കുറഞ്ഞതുമാണ് ഓഹരി വിപണിയില്‍ ഈ ഇടിവിനു കാരണമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ കൂടുതല്‍ ഓഹരികള്‍ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി നിര്‍മല സിതാരാമന്‍  വിദേശ നിക്ഷേപകര്‍ക്ക് അതിസമ്പന്ന നികുതി പ്രഖ്യാപിച്ചതോടെയാണ് വിറ്റഴിക്കാന്‍ അവര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായത്. ഈ നികുതി പ്രഖ്യാപനം ഒരു മാസത്തിനു ശേഷം പിന്‍വലിക്കുകയും ചെയ്തിരുന്നു.

രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 28,260.50 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചതെന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡിന്റെ കണക്കുകള്‍ പറയുന്നു.
 

Latest News