ന്യൂദല്‍ഹി- വൃദ്ധന്റെ വേഷം ചമഞ്ഞ് നരച്ച കള്ളത്താടിയും വച്ച് വ്യാജ പാസ്‌പോര്‍ട്ടുമായി ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ ശ്രമിച്ച 32കാരനായ ഗുജറാത്തി യുവാവിനെ ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി. അഹമദാബാദുകാരനായ ജയേഷ് പട്ടേലാണ് കുടുങ്ങിയത്. 81കാരനായ അംരിക് സിങ് എന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടാണ് ജയേഷിന്റെ പക്കലുണ്ടായിരുന്നത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ സിഐഎസ്എഫ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പദ്ധതി പൊളിഞ്ഞത്. വീല്‍ചെയറില്‍ ഇരുന്നാണ് എയര്‍പോര്‍ട്ടിലേക്ക് എത്തിയത്. ദേഹ പരിശോധന നടത്താനായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ വീല്‍ചെയറില്‍ നിന്നും എഴുന്നേറ്റില്ല. മുഖത്തു നോക്കി സംസാരിച്ചതുമില്ല. ഈ പെരുമാറ്റമാണ് സംശയത്തിനിടയാക്കിയത്. ഇതോടെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതോടെ യഥാര്‍ത്ഥ പേരു വിവരം പുറത്താകുകയായിരുന്നു.
സീറോ പവര്‍ ഗ്ലാസിട്ട കണ്ണട വച്ചും താടിക്ക് വെള്ള നിറം പൂശിയും പരമ്പരാഗത വേഷമിട്ടുമാണ് ജയേഷ് ആള്‍മാറാട്ടത്തിനു ശ്രമിച്ചത്. എന്നാല്‍ ചര്‍മത്തില്‍ പ്രായത്തിന്റെ ലക്ഷണങ്ങളൊന്നും വ്യക്തമല്ലായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. അന്വേഷണം നടന്നുവരികയാണ്.