പട്‌ന- ജാര്‍ഖണ്ഡിലെ സരായ്‌കേലയില്‍ ജൂണ്‍ 18ന് തബ്‌രിസ് അന്‍സാരി എന്ന യുവാവിനെ ആള്‍ക്കൂട്ടം ജയ് ശ്രീ റാം വിളികളുമായി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം വഴിമാറിയതില്‍ ദുരൂഹത. അറസ്റ്റിലായ 11 പ്രതികള്‍ക്കെതിരെ ചുമതത്തിയിരുന്ന കൊലക്കുറ്റം കുറ്റപത്രത്തില്‍ ഒഴിവാക്കിയത് കേസില്‍ തിരിമറി നടന്നെന്ന സംശയത്തിന് ആക്കം കൂട്ടി. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതു വിവാദമായതോടെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തബ്‌രിസിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ കുറ്റപത്രം. കേസിലെ 12ാം പ്രതി ശനിയാഴ്ച കീഴടങ്ങിയതോടെ അറസ്റ്റിലായിരുന്നു.
ബൈക്ക് മോഷണം ആരോപിച്ചാണ് ആള്‍ക്കൂട്ടം തബ്‌രിസിനെ മണിക്കൂറുകളോളം കെട്ടിയിട്ട് മര്‍ദിച്ചത്. ആക്രമികള്‍ ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ക്രൂരമര്‍ദനത്തില്‍ തലയോട്ടി തകരുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത തബ്‌രീസ് നാലു ദിവസത്തിനു ശേഷം ജൂണ്‍ 22ന് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ഇത് കൊലപാതകമാണെന്നതിന് ഒരു തെളിവും മെഡിക്കല്‍ റിപോര്‍ട്ടില്‍ ഇല്ലാത്തതു കൊണ്ടാണ് പ്രതികള്‍ക്കെതിരായ കൊലക്കുറ്റം ഒഴിവാക്കി മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയതെന്ന് മുതിര്‍ന്ന പോലീസ് ഓഫിസര്‍ കാര്‍ത്തിക് എസ് പറയുന്നു. കൊലക്കുറ്റത്തെ അപേക്ഷിച്ച് കുറഞ്ഞ ശിക്ഷയെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കുള്ളൂ.
രണ്ടു പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടുകളിലും തബ്‌രിസിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പറയുന്നുണ്ട്. പോസ്റ്റ് റിപോര്‍ട്ട് ലഭിച്ച ശേഷം ഉയര്‍ന്ന വിദഗ്ധരുടെ അഭിപ്രായം തേടിയിരുന്നു. അവരും ഇതു ശരിവയ്ക്കുകയാണ് ചെയ്തതെന്നും പോലീസ് സുപ്രണ്ട് പറഞ്ഞു. തബ്‌രീസിന്റെ തല അടിച്ചു തകര്‍ത്തതായി കുടുംബത്തിന്റെ പരാതിയുള്ളതായി ചൂണ്ടിക്കാട്ടിയപ്പോള്‍ തങ്ങള്‍ക്ക് മെഡിക്കല്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ നടപടി സ്വീകരിക്കാനാകൂവെന്നായിരുന്നു പോലീസിന്റെ മറുപടി.
സംഭവം അന്വേഷിച്ച സരായ്‌കേല-ഖര്‍വാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അഞ്ജനെയുല്ലു ദൊഡ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം തബ്‌രീസിന്റെ മരണത്തിനു കാരണം പോലീസിന്റേയും ഡോക്ടര്‍മാരുടേയും ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. പോലീസ് എത്തിയത് വൈകിയാണെന്നും ഡോക്ടര്‍മാര്‍ തബ് രിസിന്റെ തലയോട്ടിക്കു പറ്റിയ പരിക്ക് ശരിയായി തിരിച്ചറിഞ്ഞില്ലെന്നും ജൂലൈയില്‍ പുറത്തു വന്ന അന്വേഷണ റിപോര്‍ട്ടിലുണ്ട്.