കരുളായി- കളംകുന്ന് മങ്ങാട്ടത്തൊടിക സീനത്തി (39) ന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. ഭർത്താവ് ചെമ്പൻ മുജീബി (40) നെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് സീനത്തിനെ ദേഹത്തു തീപടർന്ന നിലയിൽ വീട്ടിനകത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സീനത്ത് തീകൊളുത്തിയെന്ന കാര്യം മുജീബ് തന്നെയാണ് അയൽവാസികളെ അറിയിച്ചത്. തുടർന്നു അയൽവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്നെത്തിയ പൂക്കോട്ടുംപാടം പോലീസ് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊലപാതകം ആണെന്ന സംശയത്തിൽ ഭർത്താവ് മുജീബിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം ആത്മഹത്യ ചെയ്തതാണെന്ന് ഇയാൾ മൊഴി നൽകിയെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സീനത്തിന്റെ ശരീരത്തിൽ പെട്രോളൊഴിച്ച് മുറിയുടെ വാതിൽ കയറിട്ടു കെട്ടി അടുത്ത മുറിയിൽ നിന്നു മണ്ണെണ്ണയിൽ മുക്കിയ തുണിയിൽ തീ കത്തിച്ച് അകത്തേക്കു എറിയുകയായിരുന്നുവെന്നാണ് മൊഴി. മുജീബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കളംകുന്നിലെ വീട്ടിലെത്തിച്ചു വാതിൽ കെട്ടിയ കയർ, പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു. ആയുർവേദ തൈലം കൊണ്ടുനടന്നു വിൽക്കുന്ന ജോലിയാണ് സീനത്തിന്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് അയോടനെ കൂടാതെ സീനിയർ സി.പി.ഒമാരായ സൈനുൽ ആബിദീൻ, ജാഫർ, ജി.കെ.പ്രദീപ്, അനീഷ്, വിഷ്ണു സുദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.