ന്യൂദല്‍ഹി- വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം രംഗത്ത്. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ച നടത്തി. അധികം വൈകാതെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കും.
'സുപ്രീം കോടതിയുടെ വിധി പ്രശ്‌നം നിറഞ്ഞ ഒരു സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പട്ടാളക്കാര്‍ ഏറെക്കാലം കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്നവരാണ്. മോശം പ്രവര്‍ത്തികള്‍ തടയുന്ന എന്തെങ്കിലും ഒരു കാര്യം ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്.' സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നു.
2018ലാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിച്ചത്.
സൈന്യത്തിലെ നിയമം അനുസരിച്ച് 'സഹോദര തുല്യനായ സഹസൈനികന്റെ ഭാര്യയെ ആഗ്രഹിക്കുന്നത്' മരണശിക്ഷ വരെ ലഭിക്കാന്‍ സാദ്ധ്യതയുള്ള ഗുരുതര കുറ്റമാണ്. പട്ടാള നിയമം അനുസരിച്ച് 'ഭീരുത്വ'ത്തിന് തൊട്ടുതാഴെയാണ് ഈ കുറ്റകൃത്യത്തിന്റെ സ്ഥാനം. 158 വര്‍ഷം പഴക്കമുള്ള പരിച്ഛേദം 497 അടിസ്ഥാനമാക്കിയാണ് ഈ നിയമം സൈന്യത്തില്‍ നിലവില്‍ വന്നത്. സമാന രീതിയിലുള്ള നിയമങ്ങള്‍ സൈന്യത്തിലെ മൂന്ന് വിഭാഗത്തിലും നിലവിലുണ്ട്.