ന്യൂദല്‍ഹി-ഗതാഗതനിയമ ലംഘനം നടത്തിയതിന് തന്റെ വാഹനം ട്രാഫിക് പോലീസ് പിടികൂടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
അമിത വേഗത്തെ തുടര്‍ന്നാണ് മുംബൈയില്‍ ഗഡ്കരിയുടെ വാഹനം ട്രാഫിക് പോലീസ് പിടികൂടിയത്. തുടര്‍ന്ന് പിഴ ചുമത്തി വിട്ടയക്കുകയായിരുന്നു.
മോഡി സര്‍ക്കാരിന്റെ നൂറ് ദിനപരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ വാഹനം പിടികൂടിയതായി ഗഡ്കരി വ്യക്തമാക്കിയത്. വാഹനം തന്റെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നും ഗഡ്കരി വ്യക്തമാക്കി.
നിയമ ലംഘനം നടത്തുന്നവരില്‍ നിന്നും വലിയ തുക പിഴ ഈടാക്കാനുള്ള തീരുമാനം അഴിമതി വര്‍ധിപ്പിക്കാനേ ഉതകൂ എന്ന വിമര്‍ശനത്തേയും ഗഡ്കരി പ്രതിരോധിച്ചു. ' അഴിമതി വര്‍ധിക്കുമെന്നാണ് എല്ലാവരും പറയുന്നത്. എങ്ങനെയാണ് അത് സംഭവിക്കുക? എല്ലായിടത്തും സി.സി ടിവി ക്യാമറകള്‍ നമ്മള്‍ സ്ഥാപിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരത്തിലൊരു അഴിമതി നടക്കുക? അദ്ദേഹം ചോദിച്ചു. എല്ലാ തരത്തിലും നിയമലംഘനങ്ങള്‍ കുറയുമെന്നും ഇപ്പോഴുള്ള 30% ത്തോളം ഡ്രൈവി0ഗ് ലൈസന്‍സുകളും വ്യാജമാണെന്നും ഗഡ്കരി പറഞ്ഞു.
'നിയമലംഘനം ആര് നടത്തിയാലും പിടികൂടുമെന്നും അത് എത്ര ഉന്നതരായാലും പിഴ തുക ഈടാക്കുമെന്നും നേരത്തെ ഗഡ്കരി പറഞ്ഞിരുന്നു. നിയമം നിങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ നിങ്ങള്‍ പിഴ അടയ്ക്കണം. നിങ്ങള്‍ കേന്ദ്രമന്ത്രിയായാലും മുഖ്യമന്ത്രിയായാലും മാധ്യമപ്രവര്‍ത്തകനായാലും ഉദ്യോഗസ്ഥനായാലും നിങ്ങള്‍ പിഴ ഒടുക്കണം', ഗഡ്കരി പ്രസ്താവിച്ചു.