1979 ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ മരിച്ജാപിയിൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. 30 ഓളം പോലീസ് ലൗഞ്ചുകൾ ദ്വീപ് വളഞ്ഞു. കുടിലുകളും മത്സ്യ കൃഷിയും കുഴൽ കിണറുകളും നശിപ്പിക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പുഴ കടന്നു രക്ഷപ്പെടാൻ ശ്രമിച്ചവരെ വെടിവെച്ചിട്ടു.
അസമിലെ പൗരത്വ പ്രശ്‌നവും ഈ വിഷയവുമായി ബന്ധപ്പെട്ടു നടന്ന നെല്ലി കൂട്ടക്കൊലയടക്കമുള്ള സംഭവങ്ങളും സജീവ ചർച്ചയാകുമ്പോൾ പൊതുവിൽ ആധുനിക ഇന്ത്യ ചരിത്രം മറച്ചുവെക്കുന്ന ഒരു ക്രൂരമായ കൂട്ടക്കൊലയുടെ ചരിത്രം കൂടി ഓർക്കുന്നത് നന്നായിരിക്കും. പശ്ചിമ ബംഗാളിലെ മരിച്ജാപ്പി ദ്വീപിൽ താമസമാക്കിയ അഭയാർത്ഥികളെ അവിടത്തെ ഭരണകൂടം തന്നെ കൂട്ടക്കൊല ചെയ്യുകയും കുടിയിറക്കുകയും ചെയ്ത ചരിത്രമാണത്. ദളിതരും പാർശ്വവൽക്കൃതരുമായതിനാലായിരുന്നു അവർക്ക് ചരിത്രത്തിൽ ഇടം ലഭിക്കാതെ പോയത്. 1979 മെയ് മാസത്തിലായിരുന്നു അതിക്രൂരമായ മനുഷ്യാവകാശ ധ്വംസനം. ആയിരങ്ങൾ കൊല്ലപ്പെട്ടുവെന്ന് അതിജീവിച്ചവർ പറയുന്നു. സാമ്പത്തിക ഉപരോധം, പോലീസ് അതിക്രമങ്ങൾ, ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ എന്നിവയെല്ലാം അരങ്ങേറി. മൃതദേഹങ്ങൾ റായിമംഗൾ നദിയിൽ താഴ്ത്തപ്പെട്ടു. പതിനായിരത്തിൽപരം പേർ ദ്വീപിൽനിന്ന് ബലമായി പുറത്താക്കപ്പെട്ടു.
പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ, ഭരണകൂടം നടത്തുന്നതും ഭരണകൂടത്തിനെതിരെയുമായ അനേകം ആക്രമണങ്ങളുടെയും കലാപങ്ങളുടെയും ചിത്രം കാണാനാകും, വിശേഷിച്ചും 1947 ലെ വിഭജനത്തിനു ശേഷം. അനേക കാലം അത് നീണ്ടുനിന്നു. ഭൂമിയുടെ രാഷ്ട്രീയം ബംഗാളിൽ രക്തമുണങ്ങാത്ത കലാപങ്ങൾക്ക് തുടർച്ചയായി കാരണമായിട്ടുണ്ട്, 1940 ലെ തേഭഗാ മുന്നേറ്റം മുതൽ 1970 ലെ നക്‌സലൈറ്റ് മുന്നേറ്റം വരെ പൗരന്മാരുടെ മനസ്സിൽ ഉണങ്ങാത്ത മുറിപ്പാടുകൾ സൃഷ്ടിച്ചു. കലാപങ്ങൾ ആ നാടിന്റെ രാഷ്ട്രീയ ആയുധമായി എക്കാലവും നിലനിന്നിട്ടുണ്ട്, അപ്പോഴും ചില സംഭവങ്ങൾ മറന്നുപോകുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തു. അതിൽ പെടുന്ന ഒന്നാണ് മരിച്ജാപ്പി.
1947 നു ശേഷം ബംഗാളിലേക്ക് ഉണ്ടായ ദളിത് കുടിയേറ്റവും അവരുടെ പുനരധിവാസവും ബംഗാളിലെ ഭരണകൂടങ്ങൾ അക്കാലം വരെ കൈകാര്യം ചെയ്യാതിരുന്ന ഒന്നായിരുന്നു. 1947 നു ശേഷം പെട്ടെന്ന് തന്നെ കിഴക്കൻ പാക്കിസ്ഥാനിലെ ദളിത് സമൂഹങ്ങളുടെ ജനസംഖ്യയിൽ കുറവ് വന്നില്ല. പ്രധാനമായും കർഷകരും ചെറു കച്ചവടക്കാരും കൈത്തൊഴിൽ ചെയ്യുന്നവരും അടങ്ങുന്ന ഈ സമൂഹങ്ങൾക്ക് ഭൂമിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവരുടെ നേതാവും കിഴക്കൻ പാക്കിസ്ഥാനിലെ മന്ത്രിയുമായിരുന്ന ജോഗേന്ദ്രനാഥ് മണ്ഡൽ സംരക്ഷണം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അവിടെ നിന്നും കുടിയൊഴിക്കുന്നതിനെ അവർ പ്രതിരോധിക്കുകയുണ്ടായി. 1950 നു ശേഷം ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചതും ഖുൽന ജെസോർ ഭാഗങ്ങളിൽ ഉണ്ടായ ചെറുകലാപങ്ങളും അവരിൽ ഭയം ജനിപ്പിച്ചു. 1952 ൽ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ പാസ്‌പോർട്ട് വ്യവസ്ഥ ഏർപ്പെടുത്തിയതോടെ ഈ അനിശ്ചിതത്വം രൂക്ഷമായി. പിന്നീടുള്ള വർഷങ്ങളിൽ പശ്ചിമ ബംഗാളിലേക്ക് ആദ്യം ചെറു സംഘങ്ങളായും പിന്നീട് വൻതോതിലും കുടിയേറ്റം ആരംഭിച്ചു.
ഈ സാഹചര്യത്തിലായിരുന്നു 1956 തുടക്കത്തിൽ ദണ്ഡകാരണ്യ പുനരധിവാസ പദ്ധതി ആരംഭിച്ചത്. പിന്നീട് മുഴുവൻ പ്രവർത്തനങ്ങളുടെയും മേൽനോട്ടം നടത്താനായി ദണ്ഡകാരണ്യ വികസന അതോറിറ്റി രൂപീകരിച്ചു. മധ്യപ്രദേശ്, ഒറീസ, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ദണ്ഡകാരണ്യം എന്ന മേഖല പുരാതനമായ വനങ്ങളും സമചിത്തതയില്ലാത്ത മഴയും ലഭിക്കുന്ന പാറകൾ നിറഞ്ഞ പ്രദേശമാണ്. ഇവിടെ ബോണ്ട, ഗോണ്ട്, ബിൽ എന്നീ ആദിവാസി സമൂഹങ്ങളും അധിവസിക്കുന്നു. സമ്പുഷ്ടമായ മഴ ലഭിച്ചിരുന്ന ഫലഭൂയിഷ്ഠമായ മണ്ണുള്ള കിഴക്കൻ പാക്കിസ്ഥാനിൽ നിന്നും ഇവിടേക്ക് അഭയാർത്ഥികളെ എത്തിച്ചത് ഒരു വലിയ ദുരന്തമായിരുന്നു. 1964-65 ദൽഹി വികസന അതോറിറ്റി ചെയർമാനായിരുന്ന എസ്.കെ. ഗുപ്ത ചൂണ്ടിക്കാണിച്ചത് ഫറസ്ഗാവ് മേഖലയിൽ 6% പ്ലോട്ടുകളും കൃഷി ചെയ്യാൻ യോഗ്യമല്ലെന്നാണ്. 32% കൃഷി ചെയ്യാൻ തീർത്തും അപര്യാപ്തമായ സാഹചര്യത്തിലും 53% ഭൂമി ഈർപ്പം നിൽക്കുന്ന സാഹചര്യത്തിലുമാണ്. അകെ 9% ഭൂമി മാത്രമാണ് ഉപയോഗയോഗ്യമായത്.
സർക്കാർ വാഗ്ദാനം നൽകിയ മറ്റു അടിസ്ഥാന വികസന സൗകര്യങ്ങളും അവിടെ യാഥാർഥ്യമായില്ല. വൈദ്യുതി വലിയൊരു മേഖലയിൽ ലഭ്യമായില്ല. കുടിവെള്ള ദൗർലഭ്യവും പലപ്പോഴും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ആരോഗ്യ സേവനങ്ങളുടെ ദൗർലഭ്യവും മോശം ജീവിതാവസ്ഥയും കാരണം ശിശുമരണ നിരക്ക് വർധിച്ചു. ദൈവസങ്കൽപമായ രാമനെ വനവാസത്തിനയച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ദണ്ഡകാരണ്യം അഭയാർത്ഥികളെ സംബന്ധിച്ച് പ്രതീക്ഷകൾ നഷ്ടപ്പെട്ട ഭൂമിയായി മാറി. 1964 ഓടു കൂടി ഇക്കാര്യം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
1977 ൽ അഭയാർത്ഥികളെ സ്വീകരിച്ച ചരിത്രമുള്ള ഇടതുപക്ഷ സർക്കാർ ബംഗാളിൽ ഭരണത്തിലെത്തിയതോടെ ദണ്ഡകാരണ്യത്തിൽ പുനരധിവാസപ്പെടുത്തിയവർക്ക് തങ്ങളെയും ബംഗാളിലെത്താൻ സർക്കാർ സഹായിക്കും എന്ന പ്രതീക്ഷകളുണ്ടായി. ഇടതുപക്ഷ മന്ത്രിയായിരുന്ന റാം ചാറ്റർജി ദണ്ഡകാരണ്യത്തിലെ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കുകയും ഇടതുപക്ഷത്തിന്റെ കാലങ്ങളേറെയായുള്ള ആവശ്യമായ സുന്ദർബൻ വനങ്ങളിലേക്ക് കുടിയേറ്റം നടത്തുവാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 1978 മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഇവരിൽ വലിയൊരു വിഭാഗം കൈയിലുള്ളതെല്ലാം വിറ്റുപെറുക്കി യാത്രയായി. എന്നാൽ പുതിയ ഭരണ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാർ നയങ്ങൾ മാറിയിട്ടുണ്ടായിരുന്നു. വോട്ടു രാഷ്ട്രീയമായിരുന്നു അതിന്റെ പ്രധാന കാരണം. അതിനെത്തുടർന്ന് ഇടതുപക്ഷ സർക്കാർ ദണ്ഡകാരണ്യത്തിൽനിന്ന് വന്ന അഭയാർത്ഥികളോടു തിരികെ അങ്ങോട്ടു തന്നെ പോകാൻ ആവശ്യപ്പെട്ടു. വളരെയധികം ആളുകൾ തിരിച്ചയക്കപ്പെട്ടു. എന്നാൽ പതിനായിരത്തിലധികം ആളുകളുമായി ഉദ്വസ്തു ഉന്ന്യാൻ ഷിൽ സമിതി എന്ന സംഘടനയുടെ നേതാവ് സതീഷ് മണ്ഡൽ മരിച്ജാപി മേഖലയിലേക്ക് കുടിയേറി. കുടിയേറിയ ആളുകളെ സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ടെങ്കിലും അത് 4000 നും 10,000 നും ഇടയിൽ കുടുംബങ്ങൾ ഉണ്ടായിരുന്നു.
കുടിയേറിയ സ്ഥലം കണ്ടൽകാടുകൾക്കിടയിൽ ആയിരുന്നില്ലെങ്കിൽ പോലും സർക്കാർ അവരോട് കാരുണ്യം കാട്ടിയില്ല. മറിച്ച് മരിച്ജാപി കാടുകൾ റിസർവ് വനങ്ങളായി പ്രഖ്യാപിക്കുകയും അഭയാർത്ഥികൾ കാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കുമെന്ന് ആരോപിക്കുകയുമായിരുന്നു. 1979 ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ മരിച്ജാപിയിൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. 30 ഓളം പോലീസ് ലൗഞ്ചുകൾ ദ്വീപ് വളഞ്ഞു. കുടിലുകളും മത്സ്യ കൃഷിയും കുഴൽ കിണറുകളും നശിപ്പിക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പുഴ കടന്നു രക്ഷപ്പെടാൻ ശ്രമിച്ചവരെ വെടിവെച്ചിട്ടു. ആശാരി പണിയുപകരണങ്ങളും താൽക്കാലിക അമ്പുകളും വില്ലുകളും മാത്രമുണ്ടായിരുന്ന അഭയാർത്ഥികൾ സർക്കാരിന്റെ ആയുധങ്ങളേന്തിയ സൈന്യത്തിനു മുന്നിൽ നിസ്സഹായരായിരുന്നു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ വെടിയേറ്റോ പട്ടിണി കിടന്നോ കൊല്ലപ്പെട്ടു, അവരുടെ ശരീരങ്ങൾ പുഴയിലൊഴുക്കി.
ചില വഴിതെറ്റിയ അന്വേഷണങ്ങൾ ഒഴിച്ച് ഈ കൂട്ടക്കൊലയെക്കുറിച്ചു അധികാരികൾ പതിറ്റാണ്ടുകളോളം മൗനമായിരുന്നു. ശക്തിപദ രാജഗുരുവിന്റെ 'ദണ്ഡെക്ക് തേക്കെ മരിച്ജാപി' എന്ന ബംഗാളി മുഴുനീള നോവൽ മാത്രമാണ് ഈ സംഭവത്തെ പ്രമേയമാക്കിയത്. എന്നാൽ കൂട്ടക്കൊലയെ പോലെ ആ പുസ്തകവും തഴയപ്പെടുകയായിരുന്നു.
(കടപ്പാട് - ഡെബ്ജാനി സെൻഗുപ്ത, ദി വയർ)