മുംബൈ- സ്‌നാപ് ചാറ്റിലെ പ്രശസ്തമായ ഡോഗ് ഫിൽറ്റർ ഉപയോഗിച്ച് മാറ്റം വരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ട്വീറ്റ് ചെയ്ത കൊമേഡിയനെതിരെ ക്രിമിനൽ കേസ്.
കോമഡി ഗ്രൂപ്പായ ആൾ ഇന്ത്യ ബക്‌ഹോഡ് (എ.ഐ.ബി) സഹ സ്ഥാപകൻ തന്മയ് ഭട്ടാണ് കുടുങ്ങിയത്.
മോഡിയോട് രൂപസാദൃശ്യമുള്ള പയ്യന്നൂർ മാത്തിൽ സ്വദേശി കൊഴുമ്മൽ വീട്ടിൽ രാമചന്ദ്രൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് മോഡിയുടെ മറ്റൊരു ചിത്രം സ്‌നാപ്ചാറ്റ് ഡോഗിലൂടെ മോഡിഫൈ ചെയ്ത് എ.ഐ.ബി ട്വീറ്റ് ചെയ്തിരുന്നത്. മോഡിയുടെ വിദേശയാത്രാ ജ്വരത്തെ കളിയാക്കുന്ന വണ്ടർലസ്റ്റ് ഹാഷ് ടാഗും ചേർത്തിരുന്നു.
രാമചന്ദ്രന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് എ.ഐ.ബിയും അത് തമാശക്കായി ഉപയോഗിച്ചത്. വ്യാപകമായ വിമർശം വന്നതോടെ തന്മയ് ഭട്ട് ചിത്രം ട്വിറ്ററിൽനിന്ന് ഡിലീറ്റ് ചെയ്തിരുന്നു.
നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഭട്ടിനെതിരെ അന്വേഷണം ആരംഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അപകീർത്തികരമായ കാര്യം പ്രചരിപ്പിക്കുന്നത് തടയുന്ന ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും വിധിക്കാവുന്ന കുറ്റമാണിത്.
യഥാർഥ ചിത്രത്തിന് നായയുടെ കാതും മൂക്കും നൽകുന്ന ഡോഗ് ഫിൽറ്ററുള്ള സ്‌നാപ് ചാറ്റിന് ഇന്ത്യയിൽ 40 ലക്ഷം ഉപയോക്താക്കളുണ്ട്.
ഇനിയും തമാശകൾ പോസ്റ്റ് ചെയ്യുമെന്നും വേണ്ടി വന്നാൽ ക്ഷമ ചോദിക്കുമെന്നും ഡിലീറ്റ് ചെയ്യുമെന്നുമാണ് തന്മയ് ഭട്ടിന്റെ പ്രതികരണം. മറ്റുള്ളവർ എങ്ങനെ ചിന്തിക്കുമെന്നത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
തന്മയ് ഭട്ടിനെതിരെ അന്വേഷണം നടത്തുമെന്ന പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചക്ക് കാരണമായി. എ.ഐ.ബിക്ക് ക്രിമിനൽ കേസുകൾ പുത്തരിയല്ല. മൂന്ന് വർഷത്തിനിടെ ഗ്രൂപ്പ് അംഗങ്ങൾക്കും അതിഥികൾക്കുമെതിരെ 14 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ എതിരാളികൾക്കെതിരെ ട്രോളുകളുമായി സമൂഹ മാധ്യമങ്ങളിൽ കാമ്പയിൻ നടത്തിയിരുന്ന ബി.ജെപി ഇപ്പോഴാണ് അപകീർത്തി പ്രശ്‌നവുമായി രംഗത്തു വരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന ഒരു പുസ്തകം കഴിഞ്ഞ വർഷം പ്രകാശനം ചെയ്തപ്പോൾ ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചിരുന്നു.
ഒരാഴ്ചക്കിടെ, അഭിപ്രായം സ്വാതന്ത്ര്യം ഉൾക്കൊള്ളുന്ന രണ്ടാമത്തെ സംഭവമാണിത്. നൊബേൽ സമ്മാന ജേതാവ് അമർത്യസെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററയിൽ പശു, ഹിന്ദുത്വ, ഹിന്ദു ഇന്ത്യ തുടങ്ങിയ വാക്കുകൾ അദ്ദേഹം ഉപയോഗിക്കരുതെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.