നാഗ്പൂര്‍-ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് നാഗ്പൂരില്‍ ഗോരക്ഷകര്‍ തല്ലിച്ചതച്ച് ആശുപത്രിയിലാക്കിയത് ബി.ജെ.പി നേതാവിനെ. ബി.ജെ.പി ന്യൂനപക്ഷ വിഭാഗം കടോല്‍ താലൂക്ക് സെക്രട്ടറി സലിം ഇസ്മായില്‍ ഷാ (40) യെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം ഗോരക്ഷകര്‍ നടുറോഡില്‍ മര്‍ദിച്ചത്.
ബര്‍സിങ്കി മേഖലയില്‍ ഏഴഗം സംഘം മര്‍ദിച്ച ഇയാളെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളില്‍നിന്ന് കണ്ടെടുത്ത മാംസം പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കയാണ്. മര്‍ദന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സലിം ഷാ ബി.ജെ.പി നേതാവാണെന്ന കാര്യം വ്യക്തമായത്.
നാട്ടിലെ ഒരു ചടങ്ങിനായി 15 കിലോ മാംസം വാങ്ങി മോട്ടോര്‍ സൈക്കിളില്‍ വരുമ്പോഴാണ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. ആട്ടിന്‍മാംസമാണെന്ന് വിളിച്ചു പറഞ്ഞിട്ടും സംഘം മര്‍ദനം തുടര്‍ന്നുവെന്ന് സലിം ഷാ ആശുപത്രിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അമരാവതി അചല്‍പുരില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍എ ബാച്ചുകാഡുവിന്റെ സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആക്രമണത്തെ അപലപിച്ച ബി.ജെ.പി നാഗ്പൂര്‍ റൂറല്‍ നേതാവ് രാജീവ് പോട്ദാര്‍ കര്‍ശന നടപടി ആവശ്യപ്പെട്ടു. ചില സംഘടനകള്‍ ബി.ജെ.പിയുടെ പ്രതിഛായ തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മകന്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ബീഫ് കൊണ്ടുവന്നിട്ടില്ലെന്നും സലിം ഷായുടെ മാതാവ് റെയ്ഹാന പറഞ്ഞു.
മോറേശ്വര്‍ ടാണ്ടുല്‍ക്കര്‍ എന്നയാളാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. ഇയാളുടെ സഹായികളായ അശ്വിന്‍, ജനാര്‍ദന്‍ ചൗധരി, രാമേശ്വര്‍ ടയ് വാഡെ എന്നിവരും അറസ്റ്റിലായി. ഇവരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ടാണ്ടുല്‍ക്കര്‍ എം.എല്‍.എ ബാച്ചു കാഡു രൂപം നല്‍കിയ പ്രഹര്‍ സാഘാടന്‍ ഭാരവാഹിയാണ്.
ഷായെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചതുകൊണ്ട് വ്യാഴാഴാച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്ന് ജലാല്‍ഖേഡ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ വിജയ് കുമാര്‍ തിവാരി പറഞ്ഞു.
#WATCH: Man beaten up for allegedly carrying beef in Nagpur's Bharsingi, no arrests have been made yet. #Maharashtra (July 12th) pic.twitter.com/JiFAZMfRSS
— ANI (@ANI_news) July 13, 2017