Sorry, you need to enable JavaScript to visit this website.

ഇന്ത്യ-ഇസ്രായില്‍ സഹകരണം പാക്-ചൈന ബന്ധം ശക്തിപ്പെടുത്തും

ഇസ് ലാമാബാദ്- ഇന്ത്യയും ഇസ്രായിലും തമ്മില്‍ ശക്തമാകുന്ന സൈനിക സഹകരണം പാക്കിസ്ഥാന്‍- ചൈനാ സഹകരണം കൂടുതല്‍ ദൃഢവും വിപുലവുമാക്കുമെന്ന് പാക്കിസ്ഥാനി നിരീക്ഷകന്‍.

ഇസ്രായിലുമായി സൈനിക സഹകരണം ശക്തമാക്കാനുള്ള തീവ്രയത്‌നമാണ് ഇന്ത്യ നടത്തുന്നത്. ഇത് മേഖലയില്‍ പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ചൈനയേയും പാക്കിസ്ഥാനേയും പ്രേരിപ്പിക്കും- പാക്കിസ്ഥാനിലെ സ്വതന്ത്ര ഗവേഷകനായ അയാസ് അഹമ്മദ് ദ ന്യൂസ് ഇന്റര്‍നാഷണല്‍ ദിനപത്രത്തോട് പറഞ്ഞു. ഇന്ത്യ മറ്റു രാജ്യങ്ങളുമായി സൈനിക സഹകരണം തേടുമ്പോള്‍ മേഖലയില്‍ ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ തടയാന്‍ പാക്കിസ്ഥാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുക സ്വാഭാവികമാണെന്ന് അഹ് മദ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഇസ്രായില്‍ സന്ദര്‍ശനം വിലയിരുത്തിയാണ് നിരീക്ഷണം. ഇസ്രായിലുമായുള്ള ആലിംഗനം ഇറാനുമായി ശക്തിപ്പെടുന്ന ഇന്ത്യന്‍ ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂതരാഷ്ട്രവുമായി സൈനിക സഹകരണം ശക്തമാക്കാനുള്ള ശ്രമം ഇന്ത്യ തുടര്‍ന്നാല്‍ തന്ത്രപ്രധാന ഛാബഹാര്‍ തുറുമുഖം ഇറാന്‍ ചെനക്കു കൈമാറുമെന്നും അതോടെ ഊര്‍ജ സമ്പുഷ്ടമായ മധ്യേഷ്യയിലുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ തകരുമെന്നാണ് മറ്റൊരു നിരീക്ഷണം. ഇറാനുമായി കൂടുതല്‍ സഹകരിക്കുന്ന പാക്കിസ്ഥാന്‍ അവരുമായി ചേര്‍ന്ന് കശ്മീരിലേയും ഫലസ്തീനിലേയും മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അയാസ് അഹ്്മദ് പറയുന്നു.

Latest News