ന്യൂദല്‍ഹി- കണക്കുകൂട്ടലുകല്‍ തെറ്റിച്ച് ചന്ദ്രനു സമീപം കൈവിട്ടുപോയ വിക്രം ലാന്‍ഡറുമായുള്ള സമ്പര്‍ക്കം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ 14 ദിവസത്തേക്കു കൂടി തുടരുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍-2വിലെ സുപ്രധാന ഘടകമായ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങാനിരിക്കെയാണ് ഭൂമിയിലെ കണ്‍ട്രോള്‍ കേന്ദ്രവുമായുള്ള സമ്പര്‍ക്കം മുറിഞ്ഞത്. ഇതോടെ ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമാകാനിരുന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ മങ്ങുകയായിരുന്നു. ചന്ദ്രനു രണ്ടു കിലോമീറ്റര്‍ വരെ അടുത്തെത്തിയ ശേഷമാണ് വിക്രം ലാന്‍ഡര്‍ അപ്രത്യക്ഷമായത്.
ഇതു സംബന്ധിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍. സമ്പര്‍ക്കം നഷ്ടമായ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. ചന്ദ്രന്റെ തൊട്ടടുത്തെത്തിയ ശേഷം ലാന്‍ഡറിനെ കുത്തനെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് സിഗ്നലുകള്‍ നിലച്ച് ബന്ധം നഷ്ടമായത്. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ലാന്‍ഡറിലെ ആശയവിനിമയ സംവിധാനം തകരാറിലായതാകാം.
മറ്റൊരു സാധ്യത പ്രോഗ്രാം തകരാറാണ്. പ്രോഗ്രാം ചെയ്തുവച്ച സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നതാകാം. ചെറിയ ആശയവിനിമയ തകരാര്‍ ആയിരുന്നെങ്കില്‍ ചന്ദ്രോപരിതലത്തില്‍ പതിയെ ഇറങ്ങിയ ശേഷം സമ്പര്‍ക്കം പുനസ്ഥാപിക്കാന്‍ കഴിയുമായിരുന്നു. ഈ വഴിക്കുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. എന്‍ജിന്‍ തകരാറാണ് മറ്റൊരു സാധ്യത. ലാന്‍ഡറിനെ സുരക്ഷിതമായി ചന്ദ്രനില്‍ ഇറക്കുന്നതില്‍ നിര്‍ണായക പങ്കുള്ള അതിന്റെ മധ്യഭാഗത്തായുള്ള എന്‍ജിനുകളുടെ ജ്വലനത്തിലെ പാളിച്ചയാകാമെന്നും നിഗമനമുണ്ട്.