വാഷിംഗ്ടണ്‍- അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡോണള്‍ള്‍ഡ് ട്രംപ്. കാബൂളില്‍ ഒരു അമേരിക്കന്‍ സൈനികനടക്കം 12 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
മേരിലാന്‍ഡിലെ ക്യാമ്പ് ഡേവിഡില്‍ പ്രസിഡന്‍ഷ്യല്‍ കോമ്പൗണ്ടില്‍ ഞായറാഴ്ച താലിബാന്റെ പ്രധാന നേതാക്കളുമായി രഹസ്യ ചര്‍ച്ച തീരുമാനിച്ചതായിരുന്നു. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയിട്ടിരുന്നതായി ട്രംപ് പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് താലിബാന്‍ കലാപകാരികള്‍ പറഞ്ഞപ്പോള്‍ തന്നെ താന്‍ ചര്‍ച്ച വേണ്ടെന്നുവെച്ചിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
വളരെ പ്രധാനപ്പെട്ട സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ പോലും അവര്‍ക്ക് വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അര്‍ത്ഥവത്തായ കരാറിനും ചര്‍ച്ചക്കും തയാറല്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്- ട്രംപ് ട്വീറ്റ് ചെയ്തു.
2001 ലേതിനേക്കാളും കൂടുതല്‍ പ്രദേശം കയ്യടക്കിയിരിക്കുന്ന താലിബാന്‍ കഴിഞ്ഞയാഴ്ച്ച വടക്കന്‍ നഗരങ്ങളായ കുന്ദുസ്, പുലെ ഖുമ്രി എന്നിവിടങ്ങളിലും തലസ്ഥാനമായ കാബൂളിലും പുതിയ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
വ്യാഴാഴ്ച കാബൂളില്‍ നടന്ന ചാവേര്‍ ആക്രമണത്തിലാണ് യുഎസ് ആര്‍മി സര്‍ജന്റ് എലിസ് എ. ബാരെറ്റോ ഒര്‍ട്ടിസ് (34) കൊല്ലപ്പെട്ടത്. ഈ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം ഇതോടെ 16 ആയി.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടുകയാണെന്ന് യുഎസിന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു.