തന്റെ ട്വീറ്റുകള്‍ എം.ജെ.അക്ബറിനെ തുറന്നുകാണിക്കാനെന്ന് പ്രിയാ രമണി
ന്യൂദല്‍ഹി- മുന്‍ കേന്ദ്രമന്ത്രിയും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ എം.ജെ. അക്ബറില്‍നിന്ന് 1993 ല്‍ താന്‍ നേരിട്ട ലൈംഗിക ചുവയുള്ള പെരുമാറ്റം തുറന്നു കാണിക്കുകയായിരുന്നു തന്റെ ട്വീറ്റുകളിലൂടെ ലക്ഷ്യമിട്ടതെന്ന് മാധ്യമ പ്രവര്‍ത്തക പ്രിയാ രമണി ദല്‍ഹി കോടതിയെ അറിയിച്ചു.
എം.ജെ. അക്ബര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി ക്രിമിനല്‍ കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രിയാ രമണി തന്റെ ഭാഗം വിശദീകരിച്ചത്. അക്ബര്‍ നടത്തിയ ലൈംഗിക പീഡനം വെളിപ്പെടുത്തി പല സ്ത്രീകളും രംഗത്തുവന്നതിനെ തുടര്‍ന്നാണ് നേരത്തെ വോഗ് ലേഖനത്തില്‍ വെളിപ്പെടുത്താതിരുന്ന അക്ബറിന്റെ പേര് വെളിപ്പെടുത്തിയതെന്ന് അവര്‍ അവകാശപ്പെട്ടു. 1993 ല്‍ അകബ്‌റില്‍നിന്ന് തനിക്കുണ്ടായ അനുഭവമാണ് പ്രിയാ രമണി ട്വീറ്റ് ചെയ്തിരുന്നത്.
തന്റെ വ്യക്തിപരമായ അനുഭവം മുന്‍നിര്‍ത്തിയും മറ്റു സ്ത്രീകളുടെ അനുഭവങ്ങള്‍ കണക്കിലെടുത്തുമാണ് ഇരപിടിയന്‍ എന്ന വാക്ക് ഉപയോഗിച്ചത്. പ്രായത്തിലും സ്വാധീനത്തിലും അധികാരത്തിലും അക്ബറും താനും തമ്മിലുള്ള വ്യത്യാസത്തിന് ഊന്നല്‍ നല്‍കാനായിരുന്നു ഈ പ്രയോഗം. താനൊരു യുവ മാധ്യമപ്രവര്‍ത്തകയും അക്ബര്‍ തന്നേക്കാള്‍ 20 വയസ്സ് പ്രായമുള്ള പ്രശസ്തനായ എഡിറ്ററുമായിരുന്നു. തൊഴില്‍ അഭിമുഖത്തിനായി ഹോട്ടലിലെ അദ്ദേഹത്തിന്റെ കിടപ്പുമുറിയിലേക്കാണ് വിളിച്ചത്. ഇരയേക്കാള്‍ എന്തു കൊണ്ടും കൂടുതല്‍ ശക്തനായിരിക്കും ഇരപടിയന്‍- പ്രിയാ രമണി ബോധിപ്പിച്ചു. അയാള്‍ ഒന്നും ചെയ്തില്ലെന്ന് താന്‍ ഉദ്ധരണിയിട്ട് പ്രയോഗിച്ചത് കളിയാക്കാനാണെന്നും ലൈംഗിക പീഡനം ശാരീരികമായും മാനസികമായും നടക്കാമെന്നും അവര്‍ വിശദീകരിച്ചു. ഒന്നും ചെയ്തില്ലെന്ന് പറഞ്ഞത് അയാള്‍ അമിതമായി ഒന്നും ചെയ്തില്ലെന്ന് വ്യക്തമാക്കാനാണെങ്കിലും മാപ്പ് നല്‍കാനായിരുന്നില്ല. അക്ബറിന്റെ ലൈംഗിക ചുവയുള്ള പെരുമാറ്റം വ്യക്തമാക്കാന്‍ തന്നെയായിരുന്നു തന്റെ ശ്രമമെന്നും പ്രിയാരമണി പറഞ്ഞു.
കേസില്‍ നാളെ കോടതി വീണ്ടും വാദം കേള്‍ക്കും. 1994 ഒക്ടോബോര്‍ വരെയാണ് ഏഷ്യന്‍ ഏജ് പത്രത്തില്‍ പ്രിയാ രമണി ജോലി ചെയ്തിരുന്നത്. ഏതാണ്ട് 20 വര്‍ഷം മുമ്പ് അക്ബര്‍ നടത്തിയ മോശം പെരുമാറ്റത്തെ കുറിച്ചുള്ള പ്രിയാ രമണിയുടേ ആരോപണം അക്ബര്‍ നിഷേധിച്ചിരുന്നു.
വോഗ് ലേഖനത്തിലും ട്വീറ്റുകളിലും പ്രിയാ രമണി വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും ഇത് തനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയെന്നും അക്ബര്‍ നേരത്തെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അക്ബറിനു കീഴില്‍ പത്രപ്രവര്‍ത്തകരായി ജോലി ചെയ്ത പലരും സമാന ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും അനുയോജ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അക്ബര്‍ വ്യക്തമാക്കിയിരുന്നു.