ബംഗളുരു- ചരിത്രമായ ഇന്ത്യയുടെ രണ്ടാം ചന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2ന് നേതൃത്വം നല്‍കിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്റെ ജീവിതം ആരേയും പ്രചോദിപ്പിക്കുന്ന വലിയൊരു വിജയഗാഥയാണ്. ഒരു സാധാരണ കര്‍ഷകന്റെ മകനായി ജനിച്ച്, കോളെജില്‍ പോകും വരെ കാലില്‍ ചെരിപ്പു പോലും ധരിക്കാന്‍ കഴിയുന്ന ജീവിത ചുറ്റുപാടായിരുന്നില്ല അദ്ദേഹത്തിന്റേത്. കൂട്ടുകാരെല്ലാം പാന്റിന്റ് ക്ലാസില്‍ വരുമ്പോല്‍ മുണ്ടുടുത്താണ് ശിവന്‍ ക്ലാസിലെത്തിയിരുന്നത്. എന്നാല്‍ ബഹിരാകാശത്തോളം ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഇതൊന്നും ഒരിക്കലും ശിവന് തടസമായിരുന്നില്ല. എനിക്ക് കിട്ടാത്തതിനെ കുറിച്ച് ഒരിക്കലും പരിഭവപ്പെട്ടിട്ടില്ല. എന്നില്‍ അര്‍പ്പിതമായ ചുമതലകളില്‍ ഏറ്റവും മികവ് പുലര്‍ത്തുന്നതില്‍ മാത്രമാണ് ശ്രദ്ധിച്ചിട്ടുള്ളത്- അദ്ദേഹം പറയുന്നു.
സ്‌കൂള്‍ പഠനത്തിനു പുറമെ പാടത്ത് കൃഷി ജോലികളും ചെയ്യേണ്ടിയിരുന്നു. അച്ഛന്റെ മാവ് കൃഷിതോട്ടത്തില്‍ വിളവെടുപ്പു കാലം ജോലി ചെയ്യുമായിരുന്നു. ഞാന്‍ അവിടെ ഉണ്ടെങ്കില്‍ അച്ഛനും വേറെ ജോലിക്കാരെ ആവശ്യമില്ലായിരുന്നു- അദ്ദേഹം പറയുന്നു. കോളെജില്‍ പോകുന്ന കാലത്തും ശിവന്‍ അച്ഛനെ കൃഷിയില്‍ സഹായിച്ചിരുന്നു.
മക്കളെ കോളെജില്‍ വിടുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ചില മാനദണ്ഡങ്ങളുണ്ടാകും. ക്ലാസ് കഴിഞ്ഞാല്‍ കൃഷിയിടത്തില്‍ ജോലി ചെയ്യാന്‍ സമയം ലഭിക്കുന്ന വീടിനടുത്ത കോളെജില്‍ പോയാല്‍ മതിയെന്നായിരുന്നു അച്ഛന്റെ കണ്ടീഷന്‍. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവേശനം ലഭിക്കുന്നതു വരെ വെറും കാലിലായിരുന്നു ക്ലാസിനു പോയിരുന്നത്. പ്രതിസന്ധികളുണ്ടായിരുന്നെങ്കിലും രക്ഷിതാക്കള്‍ ദിവസം മൂന്നു നേരം വയറു നിറയെ ഭക്ഷണം നല്‍കിയിരുന്നത് ശിവന്‍ നന്ദിയോടെ ഓര്‍ക്കുന്നു.
അടുത്തെങ്ങും എന്‍ജിനീയറിങ് കോളെജ് ലഭിക്കാത്തതിനാല്‍ അച്ഛന്റെ നിര്‍ദേശം മാനിച്ച് ബിഎസ് സി മാത്തമാറ്റിക്‌സിനാണ് ആദ്യം ചേര്‍ന്നത്. ഇതു പൂര്‍ത്തിയാക്കിയതോടെ എന്‍ജിനീയറിംഗ് താല്‍പര്യം അച്ഛനോട് പറഞ്ഞു. ഇത്തവണ നിന്റെ താല്‍പര്യത്തിന് എതിര് നില്‍ക്കുന്നില്ലെന്ന് പറഞ്ഞ അച്ഛന്‍ ഭൂമി വിറ്റാണ് എന്നെ എന്‍ജിനീയറിങ് കോഴ്‌സിന് ചേര്‍ത്തത്. അങ്ങനെ ബി.ടെക് പഠിച്ചു. എന്നാല്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന എയറോനോട്ടിക്‌സ് രംഗത്ത് ജോലി ലഭിക്കാന്‍ പാടായിരുന്നു. എച്ച്എഎല്ലിലും എന്‍എഎല്ലിലും മാത്രമാണ് പരിമിത അവസരമുണ്ടായിരുന്നത്. ജോലി ലഭിക്കാത്തതിനാല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ ഉപരി പഠനത്തിന് ചേര്‍ന്നു.
തന്റെ കരിയറില്‍ ഒരിക്കലും ആഗ്രഹിച്ച ജോലി ലഭിച്ചിട്ടില്ലെന്ന് ശിവന്‍ പറയുന്നു. എന്നാല്‍ ലഭിച്ച ജോലികളിലെല്ലാം പരമാവധി മികവ് പുലര്‍ത്തുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തു. ആദ്യം സാറ്റലൈറ്റ് സെന്ററിലാണ് ജോലി ആഗ്രഹിച്ചത്. ലഭിച്ചത് വിക്രം സാരാഭായ് സെന്ററില്‍. അവിടെ എയറോഡയനാമിക്‌സ് വിഭാഗത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യപ്പെട്ടു. എന്നാല്‍ പിഎസ്എല്‍വി പദ്ധതിയിലാണ് ജോലി ചെയ്തത്- അദ്ദേഹം പറയുന്നു.