ബംഗളൂരു- ചന്ദ്രനില്‍ ഇറങ്ങാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമത്തിന് തിരിച്ചടിയേറ്റെങ്കിലും ചന്ദ്രയാന്‍-2 ദൗത്യം ഒരു പരാജയമല്ല. ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനും ചുറ്റു വിജയകരമായി കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു വര്‍ഷം വരെ ആയുസുള്ള ഇത് അല്‍പ്പം അകലെ നിന്ന് ചന്ദ്രനെ പഠിച്ചുകൊണ്ടിരിക്കും. വിക്രം ലാന്‍ഡറിന്റേയും അതിനൊപ്പമുള്ള പ്രഗ്യാന്‍ റോവറിന്റെയും കാര്യത്തില്‍ മാത്രമാണ് കണക്കു കൂട്ടലുകള്‍ പിഴച്ചത്. ഇത് ചന്ദ്രയാന്‍ ദൗത്യത്തിന്റെ അഞ്ചു ശതമാനം മാത്രമാണ്. 95 ശതമാനവും വിജയകരമായി ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്നുണ്ട്- ഒരു ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ പറഞ്ഞു. കറങ്ങിക്കൊണ്ടിരിക്കുന്ന ഈ ഓര്‍ബിറ്ററിന് ചന്ദ്രന്റെ ഫോട്ടോകള്‍ എടുത്ത് ഭൂമിയിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലേക്ക് അയക്കാനും കഴിയും. ലാന്‍ഡറിന്റെ ഫോട്ടോ എടുക്കാനും അതിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാനും ഓര്‍ബിറ്റര്‍ സഹായകമാകുമെന്നും ഐഎസ്ആര്‍ഒ അധികൃതര്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 1.55ന് ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന വിക്രം ലാന്‍ഡറുമായുള്ള സമ്പര്‍ക്കം നഷ്ടമായതായി പുലര്‍ച്ചെ തന്നെ ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. വിക്രം ലാന്‍ഡറിനകത്തുള്ള പ്രഗ്യാന്‍ റോവറിന് 14 ദിവസത്തെ ആയുസ് മാത്രമെയുള്ളൂ. ലാന്‍ഡിങ്ങിനു മുമ്പുള്ള മിനിറ്റുകള്‍ അതീവ ദുഷ്‌ക്കരമാണെന്ന് ഐഎസആര്‍ഒ മേധാവി ഡോ. കെ ശിവന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. 'ഭീകരതയുടെ 15 മിനിറ്റുകള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ സമയവും പിന്നിട്ട ശേഷം വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള ശാസ്ത്രജ്ഞരുടെ കഠിന ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ചന്ദ്രന്റെ രണ്ടു കിലോമീറ്റര്‍ വരെ അടുത്തെത്തിയ ശേഷം പിന്നീട് സമ്പര്‍ക്കം നഷ്ടമായി എന്നാണ് വിവരം. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാകാമെന്നും നിഗമനമുണ്ട്.