ബംഗളൂരു- ചന്ദ്രനില്‍ ഇറങ്ങാനിരുന്ന വിക്രം ലാന്‍ഡറുമായുള്ള സമ്പര്‍ക്കം നഷ്ടപ്പെട്ടതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ആശയവിനിമയം നഷ്ടപ്പെട്ടത്.
പ്രതീക്ഷിച്ചതു പോലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് അടുത്തുവെന്നും 2.1 കിലോമീറ്റര്‍ മാത്രം അകലവെച്ചാണ് ആശയവിനിമയം നഷ്ടപ്പെട്ടതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഡാറ്റ വിശകലനം ചെയ്തുവരികയാണെന്നും എന്താണ് സംഭവിച്ചതെന്ന് അതിനുശേഷം മാത്രമേ പറയാനുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിക്രം ലാന്‍ഡറിന്റെ മൃദുലാന്‍ഡിഗ് പരാജയപ്പെട്ടുവെന്ന് തന്നെയാണ് പൊതുവെ വിദഗ്ധര്‍ ഈ സന്ദര്‍ഭത്തില്‍ വിലയിരുത്തുന്നത്. അവസാന ഘട്ടത്തില്‍ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ പിരിമുറുക്കത്തിന്റെ നിമിഷങ്ങളായിരുന്നു.
സുവര്‍ണ നിമിഷത്തിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് മടങ്ങി. ഞാന്‍ നിങ്ങളോടൊപ്പം എപ്പോഴുമുണ്ട്. കാത്തിരുന്നു കാണാം- എന്നു പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്.
ഇന്ത്യ നമ്മുടെ ശാസ്ത്രജ്ഞരില്‍ അഭിമാനം കൊള്ളുന്നുവെന്നും അവര്‍ ഇന്ത്യയുടെ അഭിമാനമയുര്‍ത്താന്‍ പരമാവധി പ്രയത്‌നിച്ചുവെന്നും മോഡി ട്വീറ്റ് ചെയ്തു. ചന്ദ്രയാന്‍ അപ്‌ഡേറ്റുകള്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വിശദീകരിച്ചുവെന്നും ബഹിരാകാശ പരിപാടിയില്‍ പ്രതീക്ഷയോടെ നാം കഠിനാധ്വാനം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.