Sorry, you need to enable JavaScript to visit this website.

ചന്ദ്രനിലേക്ക് കണ്ണും നട്ട് ഇന്ത്യ; സുവര്‍ണ നിമിഷം കാണാന്‍ പ്രധാനമന്ത്രിയും

ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡറിനെ നിയന്ത്രിക്കുന്ന ബംഗളൂരു ഇസ്ട്രക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സ്.

ബംഗളൂരു- ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1:55 നുള്ള സുവര്‍ണ മുഹൂര്‍ത്തത്തിനായി  ഉണര്‍ന്നിരിക്കുകയാണ് ഇന്ത്യ. ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി ഇറങ്ങുന്ന ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ ശാസ്ത്രജ്ഞരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്താണ്.
ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രനടുത്ത് 30 കിലോമീറ്ററില്‍ ലാന്‍ഡിംഗ് പോയന്റിലേക്ക് വിക്രം എന്ന ലാന്‍ഡര്‍ എത്തുന്നത് ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിലെ നാഴികക്കല്ലാണ്. ദക്ഷിണ ധ്രുവത്തിലേക്ക് സമീപിക്കുമ്പോള്‍ ലാന്‍ഡറിലെ അഞ്ച് എന്‍ജിനുകളും പ്രവര്‍ത്തിപ്പിക്കുന്നു. വേഗം കുറഞ്ഞ് ലാന്‍ഡര്‍ ചന്ദ്രനിലേക്ക് പതുക്കെ ഇറങ്ങുന്നു.
ഈ പതിനഞ്ച് മിനിറ്റുകള്‍ അതീവ നിര്‍ണായകമാണ്. 15 നിമിഷത്തെ ഭീകരത. ഒന്നുമറിയാതെ നില്‍ക്കുന്ന നിങ്ങളുടെ കൈയിലേക്ക് അപ്പോള്‍ പിറന്ന ഒരു കുഞ്ഞിനെ വെച്ചുതരുന്നത് പോലെയാണത്. അങ്ങേയറ്റം ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞ നിമിഷം. ഇത് ഞങ്ങളുടെ ആദ്യത്തെ അനുഭവമാണ്. നേരത്തെ ഈ സാഹചര്യങ്ങള്‍ നേരിട്ടവര്‍ക്ക് പോലും അതത്ര എളുപ്പമല്ല' -ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജൂലൈ 22 ന് ഉച്ചക്ക് ശേഷം 2.43 ഓടെയാണ് 'ബാഹുബലി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനുമായി കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്. പല ഘട്ടങ്ങള്‍ പിന്നിട്ട് സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍ നിന്ന് ലാന്‍ഡര്‍ (വിക്രം) വേര്‍പെട്ട് യാത്ര തുടങ്ങി. ഇതിനകം രണ്ടു തവണ ഭ്രമണപഥം ചന്ദ്രന് അടുത്തേക്ക് നീക്കി.
വേഗം കുറയുന്നതിനനുസരിച്ച് ലാന്‍ഡറിന്റെ കാലുകള്‍ ചന്ദ്രന് നേരെ. ചന്ദ്രോപരിതലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാകുമ്പോള്‍ ലാന്‍ഡറിന്റെ കാലുകള്‍ പൂര്‍ണമായും ചന്ദ്രനിലേക്ക്. ഉപരിതലത്തിന് 15 മീറ്റര്‍ മുകളിലെത്തുന്നതോടെ ലാന്‍ഡര്‍ താഴേക്കും മുകളിലേക്കും പോകാതെ ത്രിശങ്കുവില്‍. ഈ സമയം ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ലാന്‍ഡറില്‍ പകര്‍ത്തുന്നു. ഈ ചിത്രത്തെ നേരത്തേ ലാന്‍ഡറില്‍ അപ്‌ലോഡ് ചെയ്ത ചിത്രവുമായി താരതമ്യം ചെയ്താണ് കൃത്യമായ സ്ഥാനനിര്‍ണയം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ലാന്‍ഡര്‍ (വിക്രം) ഇറങ്ങുന്നതിനെടുക്കുന്ന 15 മിനിറ്റ് നിര്‍ണായകമാണെന്ന് ഡോ.ശിവന്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇറങ്ങുന്നതിനാണ് തയാറെടുപ്പുകള്‍ നടത്തിയത്. സെക്കന്‍ഡില്‍ 1.6 കിലോമീറ്റര്‍ വേഗത്തില്‍ ചന്ദ്രന്റെ ഉപരിതലം ലക്ഷ്യമാക്കി വരുന്ന ലാന്‍ഡറിന്റെ വേഗം സെക്കന്‍ഡില്‍ രണ്ടു മീറ്ററായി കുറയ്ക്കുകയെന്ന ദുഷ്‌കര ദൗത്യമാണ് ശാസ്ത്രജ്ഞരുടെ മുന്നിലുള്ളത്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ പ്രതിരോധിച്ചാണ് ഈ ലാന്‍ഡിംഗ്. ചന്ദ്രന്റെ പ്രതലത്തിലിറങ്ങുമ്പോഴുണ്ടാകുന്ന കനത്ത പൊടിപടലങ്ങളേയും അതിജീവിക്കണം.
ലാന്‍ഡര്‍ പ്രതലത്തില്‍ ഉറച്ചതിനു ശേഷം നാലു മണിക്കൂറിനുള്ളില്‍, ശനി പ്രഭാതത്തില്‍ അഞ്ചരക്കും ആറരക്കുമിടക്കാണ് റോവര്‍ പുറത്തിറങ്ങാനുള്ള സമയം. റോവര്‍ ആണ് ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തുക. റോവറിന് ആവശ്യമായ സന്ദേശങ്ങള്‍ ലാന്‍ഡര്‍ നല്‍കും. റോവറും ലാന്‍ഡറും നല്‍കുന്ന സന്ദേശങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ബംഗളൂരു ബൈലാലുവിലെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കില്‍ ലഭിച്ചു തുടങ്ങുന്നതോടെ ചന്ദ്രപഥങ്ങളിലൂടെയുള്ള ഇന്ത്യന്‍ വിജയഗാഥക്ക് തുടക്കമായി.

തത്സമയം കാണാം.

 

Latest News