അസംഗഢ്- സിമി നിരോധത്തെ തുടര്‍ന്ന് പ്രതിഷേധ പോസ്റ്റര്‍ പതിച്ചുവെന്ന കുറ്റം ചുമത്തി 2001 ല്‍ ഗുജറാത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിമി മുന്‍ പ്രസിഡന്റ് ഡോ. ശാഹിദ് ബദര്‍ ഫലാഹിക്കു കോടതി ജാമ്യം അനുവദിച്ചു.
ഒരു മാസത്തിനകം ഗുജറാത്തില്‍ ഹാജരാവണമെന്ന് നിര്‍ദേശിച്ചാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ഫലാഹിയെ ഇന്നലെ ഗുജറാത്തിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. ഗുജറാത്തിലെ ഭുജില്‍ 2001 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസ് ഫലാഹിയെ ചോദ്യം ചെയ്തു. 2012 ല്‍ ഈ കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുള്ള വീട്ടിലെത്തി വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ഫലാഹിയെ പോലിസ് അറസ്റ്റ് ചെയ്തത്. 2001 നിരോധനകാലത്ത് സിമിയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു ഫലാഹി. സമാനമായ പല കേസുകളിലും ഫലാഹിയെ നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.