ഹൈദരാബാദ്-ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീയുടെ പ്രസവം ഇന്ത്യയില്‍. 74 വയസുള്ള വൃദ്ധയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മംനല്‍കി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ ലോക റെക്കോര്‍ഡ്കാരിയായ അമ്മയുടെ പ്രായം 66 ആയിരുന്നു. ആന്ധ്രയില്‍ നിന്നുള്ള എറാമട്ടി മംഗയമ്മയാണ് വ്യാഴാഴ്ച രാവിലെ ആരോഗ്യവതിയായ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജ•ം നല്‍കിയത്. ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു ഗര്‍ഭധാരണം. ഗുണ്ടൂര്‍ നഗരത്തിലെ അഹല്യ ഐവിഎഫ് ക്ലിനിക്ക് ആണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
മംഗയമ്മയ്ക്ക് മറ്റ് കുട്ടികളില്ല, 30 വര്‍ഷം മുമ്പ് ആര്‍ത്തവവിരാമം ഉണ്ടായതാണ്. 55 കാരിയായ അയല്‍വാസി ഗര്‍ഭം ധരിച്ചതിനെത്തുടര്‍ന്ന് ആണ് ഒരു കുഞ്ഞിനായി ശ്രമിക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് പെന്‍ഷനര്‍ ആയ മംഗയമ്മ വെളിപ്പെടുത്തി. 78 വയസുള്ള ഭര്‍ത്താവ് രാജാ റാവുവിനൊപ്പം 57 വര്‍ഷത്തെ ദാമ്പത്യബന്ധം പിന്നിട്ടു കഴിഞ്ഞു.
'എനിക്ക് ഇപ്പോഴത്തെ വികാരം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. ഈ കുഞ്ഞുങ്ങള്‍ എന്നെ പൂര്‍ണ്ണയാക്കുന്നു. എന്റെ ആറു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചു. ഇപ്പോള്‍ ആരും വന്ധ്യത എന്ന് പറഞ്ഞു കളിയാക്കുന്നില്ല മംഗയമ്മ പറയുന്നു.
പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മങ്കയമ്മയ്ക്ക് ഗര്‍ഭം ധരിക്കുന്നതിലും പ്രശ്‌നങ്ങളില്ലായിരുന്നെന്ന് ഡോ. ശങ്കരയ്യല ഉമാശങ്കര്‍ അറിയിച്ചു. കുട്ടികള്‍ക്ക് പാല് കൊടുക്കാന്‍ മങ്കയമ്മയ്ക്ക് കഴിയില്ല. ഇത് ഒഴിച്ചുനിര്‍ത്തിയാല്‍ പ്രസവശേഷം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ലോകത്തിലെ നിലവിലെ പ്രായക്കൂടുതലുള്ള അമ്മ മരിയ ഡെല്‍ കാര്‍മെന്‍ ബ സഡ ഡി ലാറലാറയായിരുന്നു. 2006 ഡിസംബറില്‍ ക്രിസ്റ്റ്യന്‍ , പോ എന്നീ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജ•ം നല്‍കിയപ്പോള്‍ 66 വയസും 358 ദിവസവും ആയിരുന്നു അവരുടെ പ്രായം. ലോസ് ഏഞ്ചല്‍സിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ഫെര്‍ട്ടിലിറ്റി ചികിത്സ ലഭിക്കുന്നതിനായി തന്റെ പ്രായത്തെക്കുറിച്ച് കള്ളം പറഞ്ഞാണ് 30,000 പൗണ്ട് മുടക്കി ഗര്‍ഭധാരണവും പ്രസവവും നടത്തിയത്. 2008 ല്‍ ഇരട്ടക്കുട്ടികള്‍ക്ക് ജ•ം നല്‍കിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഓംകാരി പന്‍വര്‍ 70 വയസ് ഉണ്ടെന്നു അവകാശപ്പെട്ടെങ്കിലും പ്രായം തെളിയിയ്ക്കാനാകാത്തതുമൂലം അംഗീകരിക്കപ്പെട്ടില്ല.
ബ്രിട്ടനിലെ പ്രായമുള്ള അമ്മ സഫോള്‍ക്കിലെ ലിന്‍ഡ്‌ഗേറ്റില്‍ നിന്നുള്ള എലിസബത്ത് അഡെനിയാണ്, 2009 മെയ് മാസത്തില്‍ 66 വയസ്സുള്ളപ്പോഴാണ് അവര്‍ ഒരു ആണ്‍കുഞ്ഞിന് ജ•ം നല്‍കിയത് .