കൊച്ചി- മരടിലെ ഫ് ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം രണ്ടാഴ്ചയ്ക്കകം ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ക്യുറേറ്റീവ് പെറ്റീഷന് നല്‍കുമെന്ന് ഫ്ലാറ്റുടമകള്‍ വ്യക്തമാക്കി. തങ്ങളുടെ വാദം കേള്‍ക്കാത്തതിനാലാണ് ക്യൂറേറ്റീവ് പെറ്റീഷനുമായി സുപ്രീം കോടതിയെ വീണ്ടും സമീപിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഫ്ളാറ്റ് നിര്‍മ്മാണം സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണ്. ജില്ലാ കലക്ടറും മുന്‍സിപ്പല്‍ സെക്രട്ടറിയും തദ്ദേശസ്വയംഭരണ സെക്രട്ടറിയും അടങ്ങുന്ന കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഫ്ലാറ്റിലെ താമസക്കാരുടെ വിവരങ്ങള്‍ നല്‍കിയതില്‍ ഉള്‍പ്പടെ വീഴ്ചയുണ്ടായി. ഇക്കാര്യം സര്‍ക്കാര്‍ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഫ്ലാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിപ്രകാരം അഞ്ച് ഫഌറ്റുകള്‍ പൊളിച്ചുനീക്കുമ്പോള്‍ നാനൂറോളം പേര്‍ക്കാണ് താമസസ്ഥലം നഷ്ടമാകുക. നിയമത്തിനുമപ്പുറം മനുഷ്യത്വത്തിന് വില നല്‍കണമെന്നും ഒരു മനുഷ്യായുസ്സ് കൊണ്ട് കെട്ടിപ്പടുത്തവയാണ് പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഫ്ലാറ്റ് ഉടമകള്‍ പറയുന്നു.
മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങല്‍ രണ്ടാഴ്ചയ്ക്കകം പൊളിച്ചുനീക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടത്. ഈ മാസം 20നകം ഫ് ളാറ്റുകള്‍ പൊളിച്ചുനീക്കണം. 23 ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി ഹാജരാകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഹോളിഡേഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന് ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ചേഴ്സ് എന്നീ ഫ്ളാറ്റുകളാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്.