ബംഗളുരു- ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ മുമ്പില്ലാത്ത വിധം വിട്ടുവീഴ്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ സര്‍വീസില്‍ തുടരുന്നത് അധാര്‍മികമാണെന്ന് പ്രഖ്യാപിച്ച് കര്‍ണാടകയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ശശികാന്ത് സെന്തില്‍ ആണ് വെള്ളിയാഴ്ച സര്‍വീസ് വിടുകയാണന്ന് പ്രഖ്യാപിച്ചത്. ഇനിയങ്ങോട്ട് സര്‍വീസില്‍ തുടരുന്നത് മുമ്പത്തെ പോലെയാവില്ലെന്ന് സെന്തില്‍ എഴുതിയ തുറന്ന കത്തില്‍ പറയുന്നു. ജോലി അവസാനിപ്പിക്കുന്നതിന് ജനങ്ങളോട് അദ്ദേഹം മാപ്പപേക്ഷയും നടത്തി. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനമെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് ഏറെ ഗൗരവതരമായ വെല്ലുവിളികളാണ് വരും ദിവസങ്ങളില്‍ വരാനിരിക്കുന്നതെന്നാണ് എന്റെ ശക്തമായ തോന്നല്‍. ഈ സാഹചര്യത്തില്‍ ഐഎഎസിനു പുറത്തു നിന്നാല്‍ എല്ലാവര്‍ക്കും വേണ്ടി നന്നായി ജോലി ചെയ്യാനാകുമെന്നാമ് വിശ്വാസം-കത്തില്‍ സെന്തില്‍ പറയുന്നു. 2009 ബാച്ച് കര്‍ണാടക കേഡര്‍ ഓഫീസറാണ് സെന്തില്‍. രണ്ടു വര്‍ഷം മുമ്പാണ് ഇദ്ദേഹം ദക്ഷിണ കന്നഡയില്‍ ചുമതലയേറ്റത്.
കഴിഞ്ഞ മാസം മലയാളി ഐഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍ സമാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍വീസില്‍ നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് മൗലികാവകാശങ്ങള്‍ നിരസിക്കുകയും അവരുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനുമെതിരെ കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചിരുന്നു.