Sorry, you need to enable JavaScript to visit this website.

കെ.എം.ബഷീർ മരിച്ച കാറപകടം: എസ്.ഐക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം- മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ ഐ.എ.എസ് ഉദ്യോഗസ്ഥാനായ ശ്രീറാം വെങ്കട്ടരാമൻ മദ്യപിച്ച് കാറിടിച്ച് കൊന്ന കേസിൽ ആരോപണ വിധേയനായ മ്യൂസിയം സി.ഐ. ജി.സുനിലിന് സ്ഥലം മാറ്റം. കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കട്ടരാമിനെതിരായ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീരാമിന്റെ രക്ത പരിശോധന വൈകിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതനായ മ്യൂസിയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുമായിരുന്ന ജി.സുനിലിനെ കാസർകോട് തൃക്കരിപ്പൂർ തീരദേശ പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പത്തനംതിട്ട ഇലവുംതിട്ട സി.ഐ ആയിരുന്ന ജെ.ചന്ദ്രബാബുവാണ് പുതിയ മ്യൂസിയം സി.ഐ.സംഭവസമയത്ത് ഡ്യൂട്ടിയലുണ്ടായിരുന്ന ക്രൈം എസ്.ഐ ജയപ്രകാശ് കേസിലെ നിർണായകമായേക്കാവുന്ന തെളിവുകൾ നശിപ്പിച്ചത് സ്റ്റേഷന്റെ ചുമതലുണ്ടായിരുന്ന സി.ഐ സുനിലിന്റെ നിർദേശത്തെ തുടർന്നാണെന്ന് ആരോപണമുയർന്നിരുന്നു. തന്റെ സ്റ്റേഷൻ പരിധിയിൽ ഒരു ഐ.എ.എസ് ഓഫീസർ പ്രതിയായ അപകടം നടന്ന സമയത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറായ സുനിൽ  സ്ഥലത്തുണ്ടായിരുന്നില്ല. സംഭവം നടന്ന് ഏഴുമണിക്കൂറിന് ശേഷമാണ് സി.ഐ സ്ഥലത്തെത്തിയത്. ക്രൈം എസ്.ഐ ജയപ്രകാശിനായിരുന്നു പകരം ചുമതല. വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചും ജയപ്രകാശ് കേസ് വഴിതിരിച്ചുവിടാൻ തുടക്കത്തിൽ തന്നെ ഇടപെട്ടിരുന്നു. ഇതിനെ തുടർന്ന് ജയപ്രകാശിനെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം ഈ ഇടപെടൽ സി.ഐ.സുനിലിന്റെ നിർദേശ പ്രകാരമായിരുന്നുവെന്നാണ് ഉയർന്ന ആരോപണം. സി.ഐ സുനിലാണ് ഉന്നത ഉദ്യോഗസ്ഥരെ കേസിനെക്കുറിച്ച് വിവരം അറിയിച്ചതും കേസ് അട്ടിമറിക്കുള്ള സാധ്യതകൾ സൃഷ്ടിച്ചതെന്നും നേരത്തെ വ്യക്തമായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയാതെ കേസ് അട്ടിമറി നടക്കില്ലെന്ന് നിയമ വിദഗ്ധരും മാധ്യമ പ്രവർത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം സംഭവം ആദ്യഘട്ടത്തിൽ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസറായ സി.ഐയെ അറിയിച്ചിരുന്നുവെന്ന് സസ്‌പെൻഷനിലുള്ള എസ്.ഐ ജയപ്രകാശ് മൊഴി നൽകിയിരുന്നു.

Latest News