Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്തത് അനുമതിയില്ലാത്ത സ്വകാര്യ കമ്പനിയുടെ എന്‍ജിനീയര്‍മാര്‍

ന്യുദല്‍ഹി- തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ കമ്പനി എന്‍ജിനീയര്‍മാര്‍ കൈകാര്യം ചെയ്തിട്ടില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം പൊളിച്ച് സര്‍ക്കാര്‍ രേഖകള്‍. വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും കൈകാര്യം ചെയ്യാനായി എന്‍ജിനീയര്‍മാരെ നല്‍കിയത് മുംബൈ ആസ്ഥാനമായ ടിആന്റ്എം സര്‍വീസസ് കണ്‍സല്‍ട്ടിങ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണെന്ന് വോട്ടിങ് യന്ത്രം നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎല്‍) വിവരാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കി. ദി ക്വിന്റാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തു വിട്ടത്.

എന്‍ജിനീയര്‍മാരെ നല്‍കുന്നതിന് അനുമതി നല്‍കിയ കമ്പനികളുടെ പാനല്‍ ഇസിഐഎല്‍ 2015ല്‍ തയാറാക്കിയിരുന്നു. ഇതില്‍ അഞ്ചു കമ്പനികളാണ് ഉള്ളത്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്‍ജിനീയര്‍മാരെ നല്‍കിയ ടിആന്റ്എം സര്‍വീസസ് എന്ന കമ്പനി ഈ പട്ടികയില്‍ ഇല്ല. തെരഞ്ഞെടുപ്പു കാലത്ത് വളരെ ഗൗരവമേറിയ ഈ ജോലി ഏല്‍പ്പിച്ചത് അനുമതിയില്ലാത്ത കമ്പനി നിയോഗിച്ച എന്‍ജിനീയര്‍മാരെ ആണെന്ന് വ്യക്തമായിരിക്കുകയാണ്.

എന്‍ജിനീയര്‍മാരെ വിതരണം ചെയ്ത ഒരേ ഒരു കമ്പനി ടിആന്റ്എം സര്‍വീസസ് കണ്‍സല്‍ട്ടിങ് മാത്രമാണെന്നും മറ്റു കമ്പനികളില്ലെന്നും ഇസിഐഎല്‍ പറയുന്നു. ഇസിഐഎല്‍ വെബ്‌സൈറ്റില്‍ നല്‍കിയ ഈ വിവരങ്ങളില്‍ പൊരുത്തക്കേടുകളുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനകള്‍ നടത്താന്‍ നിയോഗിക്കുന്നത് ഇസിഐഎല്‍ സ്റ്റാഫുകളായ എന്‍ജിനീയര്‍മാര്‍ മാത്രമാണെന്നും കമ്മീഷനും മുന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷര്‍ എസ് വൈ ഖുറേഷി അടക്കമുള്ളവരും പലയിടത്തും പറഞ്ഞിരുന്നു.

ഈ എന്‍ജിനീയര്‍മാര്‍ സ്വകാര്യ കമ്പനി ജീവനക്കാരായിരുന്നു എന്നതിന് കൂടുതല്‍ തെളിവുകളും പുറത്തു വന്നിട്ടുണ്ട്. ഈ എന്‍ജിനീയര്‍മാര്‍ തങ്ങളുടെ ജൂനിയര്‍ കണ്‍സല്‍ട്ടന്റുമാരായിരുന്നെന്നും ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രൊജക്ടിനുവേണ്ടി ഇക്കാലയളവില്‍ ഇവര്‍ ജോലി ചെയ്തിട്ടുണ്ടെന്നും കാണിക്കുന്ന 159 റിലീവിങ് ലെറ്ററുകളും പുറത്തായിട്ടുണ്ട്. ഈ ജോലി ചെയ്ത 99 എന്‍ജിനീയര്‍മാരും കരാര്‍ അടിസ്ഥാനത്തിലെത്തിയവര്‍ ആയിരുന്നെന്ന് ഈ ജോലി ചെയ്ത ഒരു എന്‍ജിനീയര്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ടിആന്റ്എം സര്‍വീസസ് എന്ന കമ്പനി മറുപടി നല്‍കിയിട്ടില്ല. വിവരങ്ങളറിയാന്‍ ഇസിഐഎലിനെ സമീപിക്കാനാണ് അവര്‍ പറയുന്നത്.
 

Latest News