ലണ്ടന്‍- ബ്രിട്ടനില്‍ അടിയന്തരമായി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കം പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് തടയുന്ന പ്രതിപക്ഷ പ്രമേയം പാസായതിന് പിന്നാലെയാണ് വീണ്ടും തിരിച്ചടി. അടുത്ത മാസം പൊതുതിരഞ്ഞെടുപ്പ് നടത്താനായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കം. പ്രതിനിധിസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രമേയം പരാജയപ്പെട്ടു.
വോട്ടെടുപ്പില്‍ സര്‍ക്കാരിനു 298 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 56 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തു. മുന്‍പു പലതവണ പൊതുതെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്ന മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 21 അംഗങ്ങള്‍ കൂറുമാറി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ ബോറിസ് ജോണ്‍സനു ഭൂരിപക്ഷം നഷ്ടമായിരുന്നു. തെരഞ്ഞെടുപ്പ് നേരിടാന്‍ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
കരാറില്ലാതെ യുറോപ്യന്‍ യൂണിയന്‍ വിടുന്നത് തടയുന്ന പ്രമേയം പാസായതോടെ ജനുവരി 31 വരെ ബ്രെക്‌സിറ്റ് നീട്ടിവെക്കുന്നതിന് യൂറോപ്യന്‍ യൂണിയനോട് സമയം ചോദിക്കേണ്ടി വരും. നിലവിലെ ധാരണപ്രകാരം ഒക്ടോബര്‍ 31-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. കരാറില്ലാതെ ഇ.യു അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് ഭരണപക്ഷത്തുനിന്ന് കൂടി പിന്തുണ ലഭിച്ചതോടെയാണ് ബില്‍ പാസായത്. കരാറില്ലെങ്കില്‍ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.