അബഹ- തന്നൂമയിൽ എ.ടി.എം കൊള്ളയടിച്ച രണ്ടംഗ സൗദി സംഘത്തെ അസീർ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എ.ടി.എം ഇളക്കിമാറ്റി തകർത്താണ് സംഘം അകത്തുണ്ടായിരുന്ന പണം കവർന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സംഘം എ.ടി.എം ഇളക്കിമാറ്റി തകർക്കുന്നതിന്റെയും പണം കവരുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ ക്യാമറകൾ പകർത്തിയിരുന്നു. ഈ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എ.ടി.എം കൊള്ളയടിക്കപ്പെട്ടതായി പോലീസിൽ പരാതിയും ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മുപ്പതു വയസ്സ് വീതം പ്രായമുള്ള സൗദി യുവാക്കളാണ് അറസ്റ്റിലായത്. എ.ടി.എമ്മിൽ നിന്ന് കവർന്ന പണവും കവർച്ച നടത്തി രക്ഷപ്പെടുന്നതിന് ഉപയോഗിച്ച വാഹനവും പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും അസീർ പോലീസ് അറിയിച്ചു. തന്നൂമയിൽ പ്രധാന റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിൽ സ്ഥാപിച്ച എ.ടി.എമ്മാണ് സംഘം കൊള്ളയടിച്ചത്.