റിയാദ്- മൂന്നു മാസത്തിനിടെ മൂന്നു കോടിയിലേറെ ലഹരി ഗുളികകൾ പിടികൂടിയതായി ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് അറിയിച്ചു. റമദാൻ, ശവ്വാൽ, ദുൽഖഅ്ദ മാസങ്ങളിൽ 3,27,58,898 ലഹരി ഗുളികകൾ കടത്തുന്നതിനുള്ള ശ്രമങ്ങളാണ് മറ്റു രാജ്യങ്ങളിലെ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് പരാജയപ്പെടുത്തിയത്. റമദാനിൽ വിദേശത്തു നിന്ന് സൗദിയിലേക്ക് കടത്തിയ 1,87,87,898 ലഹരി ഗുളികകൾ പിടികൂടി. മയക്കുമരുന്ന് കടത്തിനു പിന്നിൽ പ്രവർത്തിച്ച പതിഞ്ചംഗ സംഘത്തെയും അറസ്റ്റ് ചെയ്തു. പ്രതികളിൽ ആറു പേർ സൗദികളും നാലു പേർ തുർക്കികളും രണ്ടു പേർ പാക്കിസ്ഥാനികളും രണ്ടു പേർ ജോർദാനികളും ഒരാൾ സിറിയക്കാരനുമാണ്.
ശവ്വാൽ മാസത്തിൽ സൗദിയിലേക്ക് കടത്തുന്നതിന് ശ്രമിച്ച 1,09,71,000 ലഹരി ഗുളികകൾ അയൽ രാജ്യത്തെ തുറമുഖത്ത് വെച്ച് പിടികൂടി. സൗദിയിലേക്ക് കടത്തുന്നതിന് ശ്രമിച്ച 30 ലക്ഷം ലഹരി ഗുളികകൾ ദുൽഖഅ്ദ മാസത്തിൽ മറ്റൊരു രാജ്യത്തെ തുറമുഖത്തു വെച്ചും പിടികൂടിയതായി ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് അറിയിച്ചു.