ഇസ്ലാമാബാദ്- കശ്മീര്‍ വിഷയത്തെ ചൊല്ലി ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ സമാധാന നീക്കങ്ങളുമായി സൗദി അറേബ്യയും യുഎഇയും ഉന്നത നയന്ത്രജ്ഞരെ പാക്കിസ്ഥാനിലേക്കയച്ചു. സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈറും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഉന്നത ഉദ്യോഗസ്ഥരുമാണ് ബുധനാഴ്ച ഇസ്ലാമാബാദിലെത്തിയത്. ഇരു മന്ത്രിമാരും അവരോടൊപ്പമുള്ള നയതന്ത്ര ഉദ്യോഗസ്ഥരും പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും കൂടിക്കാഴ്ച നടത്തി. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുമായും ഇവര്‍ ചര്‍ച്ച നടത്തി.
ജമ്മു കശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടും അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനുമാണ് സൗദി, യു.എ.ഇ സംഘം ഇസ്‌ലാമാബാദിലെത്തിയത്. നിലവിലെ വെല്ലുവിളികളെ നേരിടാനും സംഘര്‍ഷാവസ്ഥ ഒഴിവാക്കാനും സമാധാനത്തിന്റേയും സുരക്ഷയുടേയും അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും സൗദി അറേബ്യയും യുഎഇയും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് സന്ദര്‍ശനത്തിനു ശേഷം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.