റിയാദ് - വില പിടിച്ച വൻ മരുന്ന് ശേഖരം നിയമ വിരുദ്ധമായി ഈജിപ്തിലേക്ക് കടത്തുന്നതിന് ശ്രമിച്ച സൗദി പൗരനെ കയ്‌റോ അന്താരാഷ്ട്ര എയർപോർട്ടിൽ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. സംസം ബോട്ടിലുകളിൽ ഒളിപ്പിച്ചാണ് സൗദി പൗരൻ മരുന്ന് ശേഖരം കടത്താൻ ശ്രമിച്ചത്.
സംശയകരമായ സാഹചര്യത്തിൽ നിരവധി സംസം ബോട്ടിലുകളുമായി കയ്‌റോ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ പരിഭ്രമം കണ്ട് വിശദമായി പരിശോധിച്ചപ്പോഴാണ് കാർട്ടണുകളിൽ നന്നായി പാക്ക് ചെയ്ത ഇരുപത് സംസം ബോട്ടിലുകൾക്കകതത്ത് 558 പാക്കറ്റ് മരുന്നുകൾ കണ്ടെത്തിയത്. കസ്റ്റംസ് തീരുവ വെട്ടിക്കുന്നതിന് ശ്രമിച്ച കേസിൽ സൗദി പൗരനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കയ്‌റോ എയർപോർട്ട് സുരക്ഷാ വകുപ്പുകൾ അറിയിച്ചു.