ഇസ്ലാമാബാദ്- പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു യുവതി പോലീസ് ഓഫീസറായി നിയമിതയായി. സിന്ധ് പ്രവിശ്യയിലാണ് മത്സരപരീക്ഷ ജയിച്ച് പുഷ്പ കോഹ്‌ലി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയതെന്ന് ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. ഈ മത്സരി പരീക്ഷ ജയിക്കുന്ന ആദ്യ ഹിന്ദു യുവതിയാണ് പുഷ്പ എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കപില്‍ ദേവ് ട്വീറ്റ് ചെയ്തു.
ജനുവരിയില്‍ സുമന്‍ പവന്‍ ബൊദാനി പാക്കിസ്ഥാനിലെ ഹിന്ദു സമുദായത്തില്‍ നിന്നുള്ള ആദ്യ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജഡ്ജിയായി നിയമിതയായിരുന്നു. സുമനും സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള ആളാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പാക്കിസ്ഥാനില്‍ 75 ലക്ഷത്തോളം ഹിന്ദു മതക്കാരാണ് ഉള്ളത്. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമാണിവര്‍. ഭൂരിപക്ഷ ഹൈന്ദവരും സിന്ധ് പ്രവിശ്യയിലാണ്.