മുംബൈ- നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ദുര്‍ഭരണം മൂലം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരെ മോശം നിലയിലായി എന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി സഖ്യകക്ഷിയായ ശിവ സേന. ദേശീയ താല്‍പര്യം കണക്കിലെടുത്ത് മന്‍മോഹന്‍ സിങ് പറയുന്നത് ചെവികൊള്ളണമെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയ കലര്‍ത്തരുതെന്നും ശിവസേന മുഖപത്രമായ സാംന എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ സാമ്പത്തിക രംഗം വളരെ ആശങ്കപ്പെടുത്തുന്ന നിലയിലാണെന്നും ജിഡിപി വളര്‍ച്ച അഞ്ചു ശതമാനമായി ഇടിഞ്ഞത് ദീര്‍ഘകാലത്തേക്ക് രാജ്യ സാമ്പത്തിക മാന്ദ്യം അനുഭവിക്കേണ്ടി വരുമെന്നുമാണ് സൂചിപ്പിക്കുന്നതെന്നും കഴിഞ്ഞയാഴ്ച മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു. ഇതിലും ഉയര്‍ന്ന നിരക്കിലുള്ള വളര്‍ച്ചയ്ക്ക് ശേഷിയുള്ള രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ മോഡി സര്‍ക്കാരിന്റെ മുഴു പിടിപ്പുകേടാണ് ഈ മാന്ദ്യത്തിനു കാരണമെന്നും മന്‍മോഹന്‍ പറഞ്ഞിരുന്നു.
സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തില്‍ മന്‍മോഹന്‍ സിങിനെ പോലെ 35 വര്‍ഷത്തിലേറെ ഇന്ത്യന്‍ ധനകാര്യ, സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സാമ്പത്തികശാസ്ത്രം അറിയാവുന്ന ഒരാള്‍ പറയുന്നത് കേള്‍ക്കേണ്ടത് ദേശീയ താല്‍പര്യമാണ്, സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം ഉണ്ടാകാന്‍ പാടില്ലെന്നും സാംനയിലെ എഡിറ്റോറിയലില്‍ പറയുന്നു. മാന്ദ്യത്തിനു കാരണം നോട്ടുനിരോധനവും ജിഎസ്ടിയും ആണെന്ന മുന്‍വാദവും ശിവ സേന ആവര്‍ത്തിച്ചു.