ശ്രീനഗർ- പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി കശ്മീരിൽ പെലറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. പെല്ലറ്റ് ആക്രമണത്തിന് ഇരയായ ശ്രീനഗർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. സി.എൻ.എൻ ന്യൂസ് 18യുടെ മുതിർന്ന മാധ്യമപ്രവർത്തകൻ മുഫ്തി സലാഹാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗറ മേഖലയിൽനിന്നാണ് വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റത്. പതിനെട്ടുകാരനായ അസ്‌റാർ അഹമ്മദ് ഖാനാണ് വെടിയേറ്റത്. പരിക്കേറ്റ ഉടനെ ഷേറെ ഇ കശ്മീർ മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം രാത്രി മരിച്ചു.
യുവാവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഓൾഡ് ശ്രീനഗറിൽ നിയന്ത്രണങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട്. യുവാവിന്റെ മരണം പെല്ലറ്റ് ആക്രമണമാണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കല്ലേറിൽ പരിക്കേറ്റുവെന്നാണ് പോലീസ് പറയുന്നത്. പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്ര തീരുമാനത്തിനുശേഷം ആദ്യമായാണ് പെല്ലറ്റ് ആക്രമണത്തെ തുടർന്നുള്ള മരണം റിപ്പോർട്ടു ചെയ്യുന്നത്. 'ശ്രീനഗറിന്റെയും മറ്റുചില പ്രദേശങ്ങളുടെയും പല ഭാഗങ്ങളിലും പ്രാദേശികമായ ചില അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അത് അവിടെ തന്നെ കൈകാര്യം ചെയ്തതാണ്. ആർക്കും ഗുരുതരമായ പരുക്കൊന്നും ഇല്ല. കുറച്ചുപേർക്ക് പെല്ലറ്റിനാൽ പരുക്കേറ്റിട്ടുണ്ട്. അവരെ ചികിത്സിച്ചശേഷം തിരിച്ചയച്ചു.' എന്നാണ് എ.ഡി.ജി.പി മുനിർ ഖാൻ പറഞ്ഞത്.
പെല്ലറ്റ് ആക്രമണത്തിന് ഇരയായ യുവാക്കൾ തങ്ങളുടെ ശരീരത്തിൽ തറച്ചുകയറിയ പെല്ലറ്റുകൾ സ്വയം ചവണയുപയോഗിച്ച് എടുത്തുകളയുകയാണ് ചെയ്യുന്നതെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനായി ആശുപത്രിയിൽ പോയാൽ തങ്ങൾ ജയിലിൽ അടയ്ക്കപ്പെടുമോ എന്ന ആശങ്കയാണ് ഇവരെക്കൊണ്ട് സ്വയം ചികിത്സ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോർട്ട്.