ന്യൂദൽഹി- മാരുതി സുസുക്കി ഹരിയാനയിലെ രണ്ടു പ്ലാന്റുകളിൽ പാസഞ്ചർ കാർ നിർമ്മാണം രണ്ടു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നിർത്തി. ഈ മാസം ഏഴു മുതൽ ഒൻപത് വരെ രണ്ടു ദിവസത്തേക്ക് ഓപ്പറേഷൻ നിർത്തുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. ഗുഡ്ഗാവ്, മനേസർ പ്ലാന്റുകളിലാണ് നിർമ്മാണം നിർത്തുന്നത്.
ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് രാജ്യത്തെ വാഹനിർമ്മാണ മേഖല ഏറ്റവും മോശം അവസ്ഥയിലൂടെ നീങ്ങുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതിയെ ഏറ്റവുമധികം തോതിൽ മാന്ദ്യം ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാഹനമാർക്കറ്റിൽ പകുതിയിലേറെയും മാരുതിയാണ് കയ്യടിക്കിയത്. കഴിഞ്ഞമാസം മാത്രം 36.14 ശതമാനം ഇടിവാണ് വാഹനവിൽപനയിലുണ്ടായത്. 93,173 കാറുകളാണ് കഴിഞ്ഞമാസം മാരുതി വിൽപന നടത്തിയത്. മൂന്നരക്കോടിയോളം ആളുകൾ ജോലി ചെയ്യുന്ന ഇന്ത്യൻ വാഹന വിപണി ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും വലിയതാണ്. കഴിഞ്ഞമാസമാണ് മുവായിരത്തോളം കരാർ തൊഴിലാളികളുടെ കരാർ പുതുക്കില്ലെന്ന് മാരുതി പ്രഖ്യാപിച്ചത്.