അഹമ്മദാബാദ്- മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് നൽകിയ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിൽ നിന്നും വിട്ടുനിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി. സഞ്ജീവിന്റെ ജാമ്യ ഹരജി പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി.ബി മായാനിയാണ് എന്റെ മുമ്പാകെ ഈ ഹരജി വേണ്ടെന്ന് അറിയിച്ച് സ്വയം പിൻമാറിയത്. അതേസമയം, വാദം കേൾക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ അവർ പ്രത്യേക കാരണമൊന്നും മായാനി ചൂണ്ടിക്കാട്ടിയിട്ടില്ല.
സഞ്ജീവ് ഭട്ടിനു പുറമേ പ്രവിൻ സിൻഹ് സാലയുടെയും ജാമ്യ ഹരജിയാണ് വി.ബി മായാനിയുടെ പരിഗണനയിലുണ്ടായിരുന്നത്. 1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജാംനഗറിലെ സെഷൻസ് കോടതിയാണ് സഞ്ജീവ് ഭട്ടിനേയും സാലയേയും ജീവപര്യന്തം തടവിനുശിക്ഷിച്ചത്. പ്രഭുദാസ് മാധാവ്ജി വൈഷണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ശിക്ഷിക്കപ്പെട്ടത്. 1990 നവംബറിലാണ് പ്രഭുദാസ് മാധവ്ജി മരണപ്പെട്ടത്. കസ്റ്റഡി പീഡനത്തെ തുടർന്നാണ് മരണമെന്ന് ആരോപിച്ചാണ് കേസ് നൽകിയത്. മാധവ് ജി മരണപ്പെടുന്ന സമയത്ത് ജാം നഗർ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിരുന്നു സഞ്ജീവ് ഭട്ട്. ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിന്റെ പേരിൽ വൈഷണി ഉൾപ്പെടെ 133 പേരെ സഞ്ജീവ് ഭട്ടും മറ്റ് ഉദ്യോഗസ്ഥരും കസ്റ്റഡിയിലെടുത്തിരുന്നു. ഒമ്പതുദിവസമാണ് വൈഷണി കസ്റ്റഡിയിൽ കഴിഞ്ഞത്. ജാമ്യത്തിൽ ഇറങ്ങി പത്തുദിവസത്തിനുശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു. വൃക്കയുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കൽ റെക്കോർഡുകളിലുള്ളത്.